
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് കൊണ്ട് തന്നെ പല പൊതുപരിപാടികളിലും, ജനകീയ പ്രക്ഷോഭങ്ങളിലും ഒക്കെയായി തിരക്കാണ് കമല്ഹാസന്. തന്റെ പ്രൊജക്ടായ വിശ്വരൂപം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ കമലിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. ചിത്രം പൂര്‍ത്തിയാക്കി റിലീസിങ്ങിനൊരുങ്ങുകയാണ്.
റിലീസ് തിയ്യതി പ്രഖ്യാപിച്ച ശേഷം മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി കമല്‍ നടത്തിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി അഭിനയത്തില്‍ നിന്നും ഒഴിവാകുകയാണ് എന്നായിരുന്നു ആ പ്രഖ്യാപനം. താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ എന്ത് കൊണ്ട് തീരുമാനം എടുത്തു എന്നതിനെ കുറിച്ചും കമല്‍ പ്രതികരിച്ചു. ഒരു അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്, ഞാന്‍ ഈ തീരുമാനമെടുത്തത് എന്റെ ഉള്ളില്‍ ശക്തമായ ഒരു തോന്നല്‍ ഉണ്ടായപ്പോഴാണ്. അതിനെ ഞാന്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയുമാണ്.
അഭിനയത്തില്‍ നിന്നും ഒഴിവാകുകയാണ് എന്ന പ്രഖ്യാപനത്തിന് നേരെ ഉയര്‍ന്ന രണ്ട് പ്രധാന ശബ്ദങ്ങള്‍ തന്റെ മക്കളുടേതാണെന്ന് കമല്‍ പറഞ്ഞു. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഈ തീരുമാനത്തിനെതിരാണെന്നാണ് കമല്‍ പറഞ്ഞത്. അവര്‍ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പൂര്‍ണ്ണമായി അതൃപ്തിയിലാണ് അവര്‍. പ്രത്യേകിച്ച് ശ്രുതി. അവള് ചോദിക്കുന്നത്, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ്. അങ്ങനെ ചോദിക്കുക എന്നത് അവളുടെ അവകാശമാണ്. ആ കലാകാരന് അവളിലും ഉണ്ട്. അവള് അവളുടെ ഡിഎന്‍എയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്.






