
തിരുവനന്തപുരം: പേമാരിയിലും കാലവര്‍ഷക്കെടുതിയിലും ഉടുതുണി ഒഴികെയുള്ള സര്‍വതും നഷ്ടപ്പെട്ട് ആയിരങ്ങള്‍ നരകിക്കുമ്പോള്‍ സി.പി.ഐയിലെ ചില നേതാക്കള്‍ നടത്തിയത് ലക്ഷങ്ങളുടെ ഓണക്കൊയ്ത്ത്. പാവങ്ങളുടെ റേഷനില്‍ കൈയിട്ടുവാരാന്‍ മൗനാനുവാദം നല്കി കരിഞ്ചന്തക്കാരുടെ പിണിയാളുകളെ മര്‍മ്മപ്രധാന സ്ഥാനങ്ങളില്‍ കുടിയിരുത്തിയാണ് ഭക്ഷ്യവകുപ്പ് കൈയ്യാളുന്ന സി.പി.ഐ, മന്ത്രി പി.തിലോത്തമനെ നോക്കുകുത്തിയാക്കിയാക്കി ഓണപ്പിരിവ് നടത്തിയത്. തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് ഇളക്കിപ്രതിഷ്ഠ നടത്താന്‍ ലക്ഷങ്ങളുടെ ലേലംവിളിയാണ് നടന്നത്. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക്(ടി.എസ്.ഒ) അഞ്ചു ലക്ഷം രൂപയും ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് (ഡി.എസ്.ഒ) പത്തു ലക്ഷം രൂപയുമായിരുന്നു തുക.
സപ്ലൈകോ ഗോഡൗണില്‍ നിന്നും 44 ലക്ഷം രൂപയുടെ റേഷനരി കരിഞ്ചന്തയിലേക്കു കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്ഥലംമാറ്റിയ താലൂക്ക് സപ്ലൈ ഓഫിസറെ സ്ഥാനക്കയറ്റം നല്കി അതേ ജില്ലയില്‍ തന്നെ ജില്ല സപ്ലൈ ഓഫീസറുടെ പദവിയിലേക്ക് ഉയര്‍ത്തിയും ഭക്ഷ്യവകുപ്പ് ഓണക്കാലത്ത് ജനങ്ങളോടുള്ള 'ആത്മാര്‍ത്ഥ' തെളിയിച്ചു. വകുപ്പിനെയും മന്ത്രിയേയും നോക്കുകുത്തിയാക്കി തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ സി.പി.ഐ നേതാവ് നടത്തിയ കൈകടത്തലിനെ തുടര്‍ന്നാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. ലക്ഷങ്ങളുടെ ഇടപാടാട്ഇതിനു പിന്നില്‍ നടന്നത്. കരിഞ്ചന്തക്കാരെ സഹായിക്കാന്‍ സംസ്ഥാനമൊട്ടാകെ ഇത്തരം കൈകടത്തലുകള്‍ നടന്നിരുന്നു.
അഞ്ചുമാസം മുമ്പാണ് കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണില്‍ നിന്നു പുറത്തേക്കു കടത്താന്‍ സൂക്ഷിച്ച 1489.30 ക്വിന്റല്‍ അരി ഭക്ഷ്യമന്ത്രിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. സംഭവത്തില്‍ ഡിപ്പോയുടെ ചുമതലയുണ്ടായിരുന്നു ജി.എസ്. ജലജറാണിയെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സിവില്‍ സപ്ലൈസ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരെ തിരുവന്തപുരം ഡി.എസ്.ഒ ആക്കിക്കൊണ്ട് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. ഡി.എസ്.ഒയുടെ ഒഴിവുള്ള തൃശൂരില്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടാണ് ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ തിരുവനന്തപുരം ജില്ലയുടെ റേഷന്‍ വിതരണത്തിന്റെ ചുമതലയില്‍ ഇരുത്തിയത്.
റേഷനിങ് കണ്‍ട്രോളറുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോഡൗണിലെ ഓഫിസര്‍ ഇന്‍ചാര്‍ജ് ഒഴികെ മറ്റു മുഴുവന്‍ ജീവനക്കാരെയും അടിയന്തരമായി സ്ഥലം മാറ്റണമെന്നും താലൂക്ക് സപ്ലൈ ഓഫിസറെ ജില്ലവിട്ടു സ്ഥലം മാറ്റണമെന്നുമായിരുന്നു അന്ന് ഡയറക്ടറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി പി.തിലോത്തമന്റെ നിര്‍ദേശപ്രകാരം സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നടപടി. നേരത്തെ റേഷന്‍ തിരിമറിയുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ മാനേജരും റേഷന്‍ ഇന്‍സ്പെകടറുമായ മനിജയെ സസ്പെന്‍ഡ് ചെയ്തിരുന്നു. റേഷന്‍ വ്യാപാരികളുടെ നിരന്തര പരാതിയെ തുടര്‍ന്നു പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി ക്രമക്കേടു കണ്ടെത്തിയത്. ഓരോ ചാക്കില്‍ നിന്നും കുത്തിയെടുത്തു പുറത്തേക്കു കടത്താനായി സൂക്ഷിച്ചിരുന്ന ലോഡാണു പരിശോധനയില്‍ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരുന്നു ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സപ്ലൈകോ ഗോഡൗണുകളില്‍ നിന്നു വാതില്‍പ്പടി വിതരണം വഴി റേഷന്‍കടകളിലെത്തുന്ന അരിച്ചാക്കുകളില്‍ രണ്ടുമുതല്‍ നാലു കിലോവരെ കുറവുണ്ടാകുന്നതായി വ്യാപാരികള്‍ പല തവണ തവണ ഭക്ഷ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കൊട്ടാരക്കര, കടയ്ക്കല്‍ ആലുവ, ഏരൂര്‍ എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലും അന്ന് ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഓണക്കാലത്ത് എല്ലാ കാര്‍ഡുടമകള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ച സ്പെഷല്‍ പഞ്ചസാരയിലും ഉദ്യോഗസ്ഥര്‍ കൈയിട്ടുവാരുന്നു. ഭൂരിഭാഗം റേഷന്‍കടകളിലും അനുവദിച്ച സ്പെഷ്യല്‍ പഞ്ചസാരയില്‍ ഭീമമായ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആഴ്ച്ചയാണ് സംസ്ഥാനത്തെ എല്ല കാര്‍ഡുടമകള്‍ക്കും ഓണത്തിന് ഒരു കിലോ സ്പെഷല്‍ പഞ്ചസാര അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയില്‍ വരുന്ന റേഷന്‍കടകളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. കടകളിലെ കാര്‍ഡ് എണ്ണത്തിന് അനുസരിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് പഞ്ചസാര അനുവദിക്കുകയും ചെയ്തു.
അനുവദിച്ച പഞ്ചസാരയുടെ തുക സിവില്‍ സ്പ്ലൈസ് ഗോഡൗണില്‍ അടക്കുന്ന മുറക്ക് വാതില്‍പ്പടി വിതരണം വഴി പഞ്ചസാര നേരിട്ട് കടകളിലെത്തുകയാണ് ചെയ്യുന്നത്. വാതില്‍പ്പടി വിതരണ വാഹനങ്ങളില്‍ ജി.പി.എസ് സംവിധാന മേര്പ്പെടുത്തുമെന്നു സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും നാളിതുവരെ സംസ്ഥാനത്തു വാതില്‍പ്പടി വിതരണം നടത്തുന്ന ഒരൊറ്റ വാഹനത്തില്‍പോലും ജി.പി.എസ് ഘടിപ്പിച്ചിട്ടില്ല. ഇതുമൂലം പ്രതിദിനം ലോഡ് കണക്കിനു ഭക്ഷ്യസാധനങ്ങളാണു കൃത്യമായി റേഷന്കടകളിലെത്താതെ കരിഞ്ചന്തയിലേക്കു പോകുന്നത്. ഇതിനു പിന്നിലും മന്ത്രിയേയും വകുപ്പിനേയും നോക്കു കുത്തിയാക്കിയുള്ള കൈകടത്തലുകളാണ്.
സംസ്ഥാനത്ത് ആദ്യമായി സ്പെഷല്‍ പഞ്ചാസാര വിതരണം ചെയ്ത തിരുവനന്തപുരത്തെ മിക്ക കടകളിലും 100 മുതല്‍ 250 കിലോയുടെ കുറവ് ഉണ്ടായി. 700 കിലോ പഞ്ചസാരക്ക് പണം അടച്ച വ്യാപാരിക്ക് വാതില്‍പ്പടി വിതരണം വഴി ലഭിച്ചത് 550 കിലോ മാത്രം. 450 കിലോ പഞ്ചസാര ലഭിക്കേണ്ട വ്യാപാരിക്ക് ലഭിച്ചത് 200 കിലോയും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓണ്‍ലൈന്‍ സൈറ്റും തട്ടിപ്പ് ശരിവെക്കുന്നു. ഗോഡൗണുകളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തൊഴിലാളികള്‍ പഞ്ചസാര ചാക്കുകള്‍ കരിച്ചന്തയിലേക്ക് കടത്തിയതോടെ അധികമായി അടച്ച തുക തിരികെ വേണമെന്ന ആവശ്യത്തിലാണ് വ്യാപാരികള്‍
വാതില്‍പ്പടി വിതരണത്തിന് മുമ്പ് കടകളിലെത്തിക്കുന്ന ഭക്ഷ്യധാന്യം വ്യാപാരിക്ക് മുന്നില്‍ സപ്ലൈകോ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ തൂക്കികൊടുക്കണമെന്നാണ് ചട്ടം. എന്നാല്‍ പുതിയ റേഷന്‍കാര്‍ഡുകളുടെ അപേക്ഷസ്വീകരിക്കലും പരിശോധനയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തിരക്കായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ഗോഡൗണുകളിലും കഴിഞ്ഞ മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്‍കുന്നില്ല. ഇതിന്റെ മറവിലാണ് ഗോഡൗണ്‍ ജീവനക്കാരുടെ ഒത്താശയോടെ തൊഴിലാളികള്‍ റേഷന്‍ സാധനങ്ങള്‍ പുറത്തേക്ക് കടത്തുന്നത്.
-ജി.അരുണ്‍






