
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായതില്‍ മനംനൊന്ത് കോഴിക്കോട് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഐഐടിയില്‍ പ്രവേശം നേടിയ കൈലാസ് എന്ന 19 കാരനാണ് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ നഷ്ടമായതില്‍ മനംനൊന്ത് ജീവനൊടുക്കിയത്.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് കൈലാസും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറിയത്. ഐഐടിയില്‍ പ്രവേശനം നേടിയ കൈലാസ് പുതിയ വസ്ത്രങ്ങള്‍ വാങ്ങി പഠനത്തിന് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിത വെള്ളപ്പൊക്കം എത്തിയത്.
മഴ ശമിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വീട്ടിലേയ്ക്ക് തിരികെയെത്തിയ കൈലാസ് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ച നിലയില്‍ കണ്ടതില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനായി എത്തിയ മാതാപിതാക്കളാണ് തൂങ്ങി മരിച്ച നിലയില്‍ മകന്റെ മൃതദേഹം കണ്ടത്.






