തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ്. ഐക്യരാഷ്ട്ര സഭയും ജപ്പാന് സര്‍ക്കാരും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
ഇതിനിടെതിരായ പ്രതിഷേധം ശക്തമായിരിക്കെയാണ് സഹായം നിരസിച്ച കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും സന്തോഷം പ്രകടിപ്പിച്ചും ടി.ജി മോഹന്‍ദാസ് രംഗത്ത് വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സഹായം വിനയപുരസരം നിരസിച്ച കേന്ദ്രസര്‍ക്കാരിന് അഭിനന്ദനങ്ങള്‍ എന്നാണ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. 2004ലും ഇന്ത്യ അന്താരാഷ്ട്ര സഹായം നിരസിച്ചിട്ടുണ്ടെന്നാണ് ടി.ജി മോഹന്‍ദാസ് ഇതിന് ചൂണ്ടിക്കാട്ടുന്ന ന്യായവാദം.
കനത്ത മഴയേയും തുടര്‍ന്നുണ്ടായ പ്രളയത്തിലും കേരളത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച നൂറ് കോടിയും പിന്നാലെ അനുവദിച്ച 500 കോടിയും ഉള്‍പ്പെടെ 600 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. വിദേശത്ത് നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്ന സാധനങ്ങള്‍ക്ക് വന്‍ നികുതിയും കേന്ദ്രം ചുമത്തുന്നുണ്ട്. നേരത്തെ ഇക്കാര്യത്തില്‍ ബീഹാറിനും കശ്മീരിനും നല്കിയ ഇളവ് കേരളത്തിന് നല്‍കിയിട്ടില്ല.
ഇക്കാര്യത്തിലുള്ള പ്രതിഷേധം ശക്തമായിരിക്കെയാണ് കേരളത്തിനുള്ള അന്താരാഷ്ട്ര സഹായം കേന്ദ്രം നിരസിക്കുന്നത്.
