
ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധത്തില്‍ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ ഡല്‍ഹി പോലീസ് സേനയിലെ കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. രോഹിണി വിജയ് വിഹാര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് പണി പോയത്. യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസ്.
ചൊവ്വാഴ്ചയാണ് വ്യവസായി പരാതി നല്‍കിയത്. കോണ്‍സ്റ്റബിള്‍ ഒരു യുവതിയുമായി ചേര്‍ന്ന് തന്നെ കെണിയില്‍ കുടുക്കിയെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇത് പരിശോധിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വ്യാഴാഴ്ച കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ട് നടപടി സ്വീകരിച്ചത്. നിലവില്‍ അറസ്റ്റിലാണ് ഇയാള്‍. എന്നാല്‍ യുവതിയും സംഘത്തിലെ മറ്റുള്ളവരും ഒളിവിലാണ്.
പണം നല്‍കിയില്ലെങ്കില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് കള്ളക്കേസില്‍ കുടുക്കുമെന്നും കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഭയന്ന വ്യവസായി മൂന്നു ലക്ഷം രൂപ വരെ നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ പരാതി നല്കുവാന് വ്യവസായി തീരുമാനിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് പലതവണ നഗരത്തില്‍ കണ്ടുമുട്ടിയിരുന്നുവെന്നും വ്യവസായി പറയുന്നു.






