
തിരുവനന്തപുരം: മഹാദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പടുത്തുയര്‍ത്താന്‍ ഏവരും പ്രയത്നിക്കുകയാണ്. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഉപയോഗിക്കാന്‍ കഴിയില്ലേയെന്ന് എഴുിത്തുകാരനും കോളമിസ്റ്റുമായ ദേവ്ദത്ത് പട്നായിക്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റ് 548 ഓളം പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം ഉയരുന്നുണ്ട്. ക്രൈസ്തവ ദേവാലയങ്ങളുടെയും മോസ്കുകളുടെയും സമ്പദ് കണക്ക് എന്തുകൊണ്ട് എടുക്കുന്നില്ലെന്ന് പലരും ചോദ്യം ഉയര്‍ത്തുന്നുണ്ട്.
''കേരളം ഇത്ര വലിയ ഒരു ദുരന്തത്തില്‍ അകപ്പെട്ടിരിക്കുന്ന സമയത്ത് ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനര്‍നിര്‍മ്മിതിയ്ക്കായി ദൈവത്തിന്റെ സമ്പത്ത് (ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സമ്പത്ത്) ഉപയോഗിച്ചു കൂടെ? കേന്ദ്രത്തിലെ രാഷ്ട്രീയ നേതാക്കള്‍ വിലകുറഞ്ഞതും തരംതാണതുമായി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും സര്‍ക്കാരും പുരോഹിതര്‍ക്കും സമൂഹത്തിനും ഇത് അനുവദിക്കാന്‍ കഴിയില്ലേ?'' ദേവ്ദത്ത് പട്നായിക് തന്റെ ട്വിറ്ററില്‍ ചോദിക്കുന്നു.
2000 കോടിക്ക് മുകളില്‍ നാശനഷ്ടം പ്രളയത്തില്‍ കേരളത്തില്‍ സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ലോകത്തിന്റെ പലകോണുകളില്‍ നിന്നും നിരവധി പേരാണ് സഹായഹസ്തവുമായി എത്തുന്നത്. 700 കോടിയില്‍ അധികം പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവനയായി ലഭിച്ചിട്ടുണ്ട്.






