തിരുവനന്തപുരം: പ്രളയബാധിത മേഖലയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് കേരള സര്‍വകലാശാലയില്‍ പഠിക്കുന്നത്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലക്കീരിക്കുകയാണ് കേരള സര്‍വകലാശാല. പി.ജി നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ നാളെ മുതല്‍ നടത്തുമെന്നാണ് കേരള സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്, മറ്റു നിരവധി വിദ്യാര്‍ത്ഥികള്‍ പുനരുധിവാസത്തിനുള്ള ശ്രമത്തിലുമാണ്.
ആലപ്പുഴ ജില്ലയിലെ നിരവധി താലൂക്കുകള്‍ വെള്ളത്തിനടിയിലായിരുന്നു. പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല. ഈ സാഹചര്യത്തിലാണ് കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെ ആരംഭിക്കാനിരിക്കുന്നത്. ഒരു സെമസ്റ്റര്‍ പരീക്ഷ എഴുതണമെങ്കില്‍ 90 ദിവസത്തെ ഹാജര്‍ വേണം എന്നാല്‍ 90 ദിവസം പൂര്‍ത്തീകരിക്കാതെയാണ് യൂണിവേഴ്സിറ്റി പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയെ അറിയിച്ചെങ്കിലും ഈ ആവശ്യം സര്‍വകലാശാല അധികൃതര്‍ തള്ളുകയായിരുന്നു.






