
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന് ശശി തരൂര്‍ എംപി. എണ്ണം കൃത്യമായി പറയുന്നില്ലെങ്കിലും ഭരിക്കാന്‍ ആവശ്യമായ സുരക്ഷിതമായ ഭൂരിപക്ഷം മുന്നണിക്ക് ഉണ്ടാകും. കേരളത്തിലെ യുഡിഎഫ് വിജയം ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയും എല്‍ഡിഎഫും തമ്മില്‍ തിരഞ്ഞെടുപ്പ് ഡീലുണ്ടെന്നും, ബിജെപിക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ ഘടകകക്ഷികളെ മത്സരിപ്പിച്ചത് ഇതിന്റെ തെളിവാണെന്നും തരൂര്‍ ആരോപിച്ചു.
മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള നേതാക്കളുടെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് തരൂര്‍ വ്യക്തമാക്കി. 'കെട്ടിടം പണിത ശേഷമേ ഫര്‍ണിച്ചര്‍ വാങ്ങേണ്ട കാര്യമുള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ആരായിരിക്കും മുഖ്യമന്ത്രി എന്നോ ഏത് നഗരത്തില്‍ നിന്നുള്ള ആളായിരിക്കും എന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അര്‍ത്ഥമില്ലാത്ത സംസാരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശുഭപ്രതീക്ഷയാണെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. ഭരണമാറ്റത്തിന്റെ സൂചനകള്‍ സംസ്ഥാനത്ത് പ്രകടമാണെന്നും യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ ഒപ്പമുണ്ടെന്നും അയ്യായിരം മുതല്‍ പതിനായിരം വരെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതും മുതിര്‍ന്ന പൗരന്മാരെ പരിഗണിക്കാതിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.






