
ന്യൂഡൽഹി : വിവിധതരം സർട്ടിഫിക്കറ്റുകൾക്കായി ഇനി ഡൽഹിക്കാർക്ക് ഓഫീസുകൾ കയറി ഇറങ്ങേണ്ട, പകരം ഉദ്യോഗസ്ഥർ വീട്ടിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. വിവാഹ സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്,വരുമാന സർട്ടിഫിക്കറ്റ് തുടങ്ങി എന്തുമാകട്ടെ ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ചുക്കൊളും. സെപ്റ്റംബർ 10 മുതലാണ് പുതിയ പദ്ധതി പ്രാബല്ല്യത്തിൽ വരുന്നത്.
പിസ ഹോം ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് എല്ലായിപ്പോഴും കേട്ടിട്ടുണ്ട്, എന്നാൽ 1076 ഡയൽ ചെയ്താൽ നിങ്ങളുടെ വീട്ടിലേക്ക് സർക്കാർ എത്തുമെന്നാണ് അരവിന്ദ് കേജരിവാളിന്റെ ട്വീറ്റ്. 50 രൂപയാണ് ഇതിനായി ഈടാക്കുക.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കേണ്ടയാൾ അതുമായി ബന്ധപ്പെട്ട ഓഫീസിലേക്ക് വിളിക്കുകയും വിവരങ്ങൾ നൽകുകുയം ചെയ്യണം. തുടർന്ന് സർട്ടിഫിക്കറ്റുകൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ 'മൊബൈൽ സഹായക്' എന്നയാൾ നിങ്ങളുടെ വീട്ടിലെത്തും. പിന്നീട് ഡ്രൈവിംഗ് ടെസ്റ്റിനായി മാത്രം നിങ്ങൾ ചെന്നാൽ മതിയാകും. വിഎഫ്എസ് ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയെയാണ് പുതിയ പദ്ധതിക്കായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിലെ 11 ജില്ലകളിലായി കുറച്ച് മൊബൈൽ സഹായകന്മാര് മാത്രമാണുള്ളതെന്നും 25,000 സഹായകന്മാരെ നിയമിക്കാനാണ് പദ്ധതിയെന്നും വിഎഫ്എസ് ഉദ്യോഗസഥനായ ദേബ്കുമാർ ബന്ധ്യോപാദ്യ പറയുന്നു.






