തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പുമായി 'കോകോണിക്സ്'. തെങ്ങിനെ പ്രതിനിധാനം ചെയ്യുന്ന 'കോക്കോ'യും ഇലക് ട്രോണിക്സിലെ 'ണിക്സ്' എന്നിവ ചേര്‍ത്താണ് ഈ പേര് നല്‍കിയത്. കേരള സര്‍ക്കാറിന്റെ ഹാര്ഡ്വെയര് മിഷന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പാണിത്. ഈ പേരിലാകും ലാപ്ടോപ്പുകള് വിപണിയിലെത്തിക്കുക.
തിരുവനന്തപുരം മണ്‍വിളയിലുള്ള കെല്‍ട്രോണ്‍ യൂണിറ്റിലാണ് ഇതിന്റെ നിര്‍മ്മാണം. ഇവിടെ ഉല്‍പ്പാദന യൂണിറ്റ് തുടങ്ങുന്നതിന് സൗകര്യങ്ങള്‍ തുടങ്ങികഴിഞ്ഞു. ഈ വര്‍ഷം തന്നെ ലാപ്പ്ടോപ്പ് വിപണിയില്‍ എത്തിക്കും. കെഎസ്ഐഡിസി, ഹാര്‍ഡ് വെയര്മിഷന് എന്നിവയുടെ സഹകരണത്തോടെ ഇന്റെല്‍, യുഎസ്ഡി ഗ്ലോബല്‍ കമ്പനികളുമായി സഹകരിച്ചാണ് ലാപ്ടോപ്പ് നിര്‍മിക്കുന്നത്.
തുടര്‍ന്ന് എല്ലാ ഘടകങ്ങളും തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച് സമ്പൂര്‍ണ കേരള ലാപ്ടോപ്പ് അവതരിപ്പിക്കും. തുടര്‍ന്ന് സെര്‍വര്‍ നിര്‍മാണത്തിനും പദ്ധതിയുണ്ട്. ഇന്ത്യയില്‍ ഇന്ന് ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ പൂര്‍ണമായി ഉല്പാദിപ്പിക്കുന്ന കമ്പനികളില്ല. ചൈന, തായ്വാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ കൊണ്ടുവന്നശേഷം കൂട്ടിയോജിപ്പിക്കുകയാണ് പതിവ്.
ഇന്ത്യയില്‍ ഉല്പാദനമില്ലാത്ത ചിപ്പ്, മെമ്മറി തുടങ്ങിയവ ഇന്റല്‍ കമ്പനിയില്‍ നിന്ന് വാങ്ങും. ബാക്കി 40 ശതമാനത്തോളം ഘടകങ്ങളും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ ഹാര്ഡ്വെയര് ഉല്‍പ്പാദകരായ കമ്പനികളെ ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിക്കും.






