നല്‍ഗൊണ്ട: ദുരഭിമാനത്തിന്റെ പേരില്‍ തന്റെ പിതാവ് കൊലപ്പെടുത്തിയ ഭര്‍ത്താവിന് നീതി തേടി ഭാര്യയുടെ ഓണ്‍ലൈന്‍ ക്യാംപെയ്ന്. കഴിഞ്ഞ വെള്ളിയാഴ്ച തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ കൊല്ലപ്പെട്ട പ്രണയിന് വേണ്ടിയാണ് ഭാര്യ അമൃതയുടെ പോരാട്ടം. ജസ്റ്റിസ് ഫോര്‍ പ്രണയ് എന്ന പേരില്‍ തുടങ്ങിയ ഫെയ്സ്ബുക്ക് പേജ് വഴിയാണ് അമൃതയുടെ ഓണ്‍ലൈന്‍ ക്യാംപെയ്ന്. തന്റെ പേരാട്ടത്തിന് പിന്തുണ അറിയിച്ച് നിരവധി പേര് മുന്നോട്ട് വന്നിട്ടുണ്ടെന്ന് അമൃത പറഞ്ഞു. വര്‍ധിച്ച പിന്തുണയുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പേജ് തുടങ്ങാന്‍ തീരുമാനിച്ചത്.
പ്രണയിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലികളുടെ ചിത്രങ്ങള്‍ ജസ്റ്റിസ് ഫോര്‍ പ്രണയ് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരനായ പ്രണയിച്ച് വിവാഹം കഴിച്ചതിന് അമൃതയുടെ പിതാവ് മാരുതി റാവുവാണ് ക്വെട്ടേഷന് നല്കി പ്രണയിനെ കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയില്‍ നിന്ന് ചെക്കപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രണയിനെ ആശുപത്രി കവാടത്തില്‍ വച്ച് അക്രമി വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ അമൃതയുടെ പിതാവ് മാരുതി റാവുവും അമ്മാവന് ശ്രാവണ്‍ കുമാറും അറസ്റ്റിലായിട്ടുണ്ട്.
ഗര്‍ഭഛിദ്രം നടത്തി വീട്ടില്‍ മടങ്ങി എത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നതായി അമൃത ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പ്രണയ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ബുനാഴ്ചയും ഗര്‍ഭഛിദ്രം നടത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇനി തന്റെ കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും തന്റെ ജീവിതമെന്നും പ്രണയിന്റെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും അമൃത പറഞ്ഞു. പ്രണയിന്റെ ആഗ്രഹപ്രകാരം ജാതീയതയ്ക്കെതിരായി പോരാടുമെന്നും അമൃത കൂട്ടിച്ചേര്‍ത്തു.






