
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ. ശ്രീരാമനിൽ കോടിക്കണക്കിന് ആളുകൾക്ക് വലിയ വിശ്വാസമുണ്ടെന്നും, ഈ സംഭവം അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കും അതിയായ വേദനയുണ്ടെന്നും, അതിനാലാണ് രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ശ്രീരാമന്റെ അനുഗ്രഹം തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്ന് കെജ്രിവാൾ ആരോപിച്ചു. ഇത്രയും വലിയ അഴിമതി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രമായി നടത്താൻ കഴിയില്ലെന്നും, സ്വാധീനമുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസിൽ ഇതുവരെ എട്ട് താഴ്ന്നതല ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര സന്ദർശനത്തിന് ശേഷം എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനുമായി പ്രാർഥിച്ചതായും കെജ്രിവാൾ അറിയിച്ചു.
പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തത്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത്ത് റായുടെ സഹായി ടിന്നു യാദവിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ ഭണ്ഡാരപ്പൊട്ടികളുടെ താക്കോൽ ടിന്നു യാദവിന്റെ പക്കൽ നിന്നാണ് കണ്ടെത്തിയത്.






