ന്യൂഡല്‍ഹി: മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനും തുടര്‍ന്നുണ്ടായ അറസ്റ്റിനും ശേഷവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളാതെ സിബിസിഐ. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതിനിടെ കേസില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു. നിയമം അതിന്റെ വഴിയില്‍ പോകുമെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഘട്ടത്തില്‍ പ്രാര്‍ഥനയാണ് മുറിവുണക്കല്‍. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടിയും കന്യാസ്ത്രിക്കു വേണ്ടിയും രൂപതയ്ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായി കര്‍ദിനാള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബിഷപ്പിനോടുള്ള സിബിസിഐയുടെ നിലപാടിനെതിരെ വലിയ വിമര്‍ശനമാണുണ്ടായിരുന്നത്. സി.ബി.സി.ഐ വടക്കന്‍ മേഖലയുടെ സെക്രട്ടറി, റോമിലെ ഇന്റര്‍ റിലിജീയസ് ഡയലോഗ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ കണ്‍സള്‍ട്ടര്‍, സി.ബി.സി.ഐ യൂത്ത് കമ്മീഷന് ചെയര്മാന് എന്നിങ്ങനെ ഒരു പിടി നിര്‍ണായക ചുമതലകളുള്ള ഫ്രാങ്കോയ്ക്കെതിരെ മൃദു സമീപനമാണ് എടുത്തിരിക്കുന്നത് എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി എസ്.പി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.






