
പാലക്കാട്: വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നുവിടും. നാലു ഷട്ടറുകളാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തുറക്കുക.
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ പ്രളയത്തിനു ശേഷം അടയ്ക്കാനായിട്ടില്ല. ഡാം കവിഞ്ഞൊഴുകിയതോടെ ഷട്ടറുകള്‍ തകരാറിലായിരുന്നു. ഒരാഴ്ചയ്ക്കകം ഷട്ടറുകള്‍ നേരെയാക്കും. അതിനു ശേഷമേ ഷട്ടറുകള്‍ അടയ്ക്കൂ.
ഷട്ടറുകള്‍ തുറക്കുന്നതിനെത്തുടര്ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും സമീപപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് ശക്തിയാണ്. പറമ്പിക്കുളം, മലക്കപ്പാറ മേഖലകളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. അതേസമയം, ഡാമിലേക്കുള്ള തകര്‍ന്ന റോഡും പരിസരവും ഇനിയും നേരെയാക്കിയിട്ടില്ല. പവര്‍ഹൗസും വെള്ളം കയറി നശിച്ചിരുന്നു. ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞിട്ടുണ്ട്. ചെളി വന്നടിഞ്ഞതാണ് പ്രശ്നം. ചെളി മാറ്റിയില്ലെങ്കില്‍ ഡാം പെട്ടെന്നു നിറയുന്ന അവസ്ഥയും. ചെളി മാറ്റാനുള്ള അനുമതിയ്ക്കു ചില നിയമങ്ങള്‍ തടസമാണെന്ന് പറയുന്നു.






