
തൃശ്ശൂര്‍ : യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറുന്നു. നിരക്ക് വര്‍ധന യാത്രക്കാരെ ബസില്‍ നിന്നും അകറ്റുമെന്ന വിലയിരുത്തലാണ് ബസ് ഉടമകളുടെ ഈ പിന്മാറ്റത്തിന് പിന്നില്‍. നിരക്ക് വര്‍ധന എന്ന ആവശ്യത്തിന് പകരം ബദല്‍ നിര്‍ദേശങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടു വയ്ക്കുന്നത്.
ഇന്ധനവില വര്‍ധന മൂലം പ്രതിസന്ധനയിലായ ബസ് വ്യവസായം പിടിച്ചു നിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം നിരക്ക് വര്‍ധന മാത്രമാണെങ്കിലും പ്രളയം വഴി സര്വതുംനഷ്ടപ്പെട്ട കേരളത്തിന്റെ സാഹചര്യം ഇപ്പോള്‍ അതിന് അനുകൂലമല്ല. ഇപ്പോള്‍ തന്നെ വന്‍തോതില്‍ കുറഞ്ഞ യാത്രക്കാരുടെ എണ്ണം നിരക്കു വര്‍ധിപ്പിച്ചാല്‍ ഇനിയും കുറയുകയും ഇരുചക്ര വാഹനങ്ങളിലേക്ക് യാത്രക്കാര്‍ തിരിയുകയും ചെയ്യും. ഇത്തരമൊരു സാഹചര്യം കണക്കിലെടുത്താണ് നിരക്ക് വര്‍ധന എന്ന ആവശ്യത്തെ ഉപേക്ഷിച്ച് ബദല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നത്.
ഇന്ധനത്തിന് സബ്സിഡി, നികുതി ഇളവ്, 15 വര്‍ഷമെന്ന കാലാവധി ദീര്‍ഘിപ്പിക്കല്‍, കെ.എസ്.ആര്.ടി.സിയില്‍ ഇപ്പോള്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരത്തിനൊപ്പം റൂട്ടകളിലും ക്രമീകരണം, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്, ഇന്‍ഷ്വറന്‍സ് പ്രീമിയം കുറയ്ക്കല്‍, ടോളുകളില്‍ നിന്ന് ഒഴിവാക്കല്‍, പൊതുവാഹനമായതിനാല്‍ കേന്ദ്ര സംസ്ഥാന നികുതികളില്‍ ഇളവ് വരുത്തല്‍,പൊതു വാഹനമായതിനാല്‍ കേന്ദ്ര-സംസ്ഥാന നികുതിയില്‍ ഇളവ് വരുത്തുക, സൗജന്യ യാത്രകള്‍ക്ക് നിയന്ത്രണം വരുത്തുക, ബസ് ഉടമകള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ കുറ്റമറ്റതാക്കുക എന്നിവയാണ് ബസ് ഉടമകള്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന ബദല്‍ നിര്‍ദേശങ്ങള്‍.






