പത്തനംതിട്ട: അതിനൂതന ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന ആനയടിപഴകുളം റോഡിന്റെ പണി പിഡബ്ല്യുഡി നടത്തിയതിന് കൊട്ടുപിന്നാലെ റോഡ് വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. പുതിയ റോഡ് പൊളിച്ചതറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനെതുടര്‍ന്ന് ജല അതോറിറ്റി റോഡ് വെട്ടിപ്പൊളിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തയ്യാറായി. പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിനായാണ് ജല വകുപ്പ് പുത്തന്‍ റോഡ് വെട്ടിപൊളിച്ചത്.
പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിനായി പള്ളിക്കല്‍ തെറ്റിക്കുഴിയില്‍, വൃന്ദാവനം പടി, പള്ളിക്കല്‍ വൈദ്യുതി ഓഫീസിനു സമീപത്തുള്ള റോഡുകളാണ് ജല അതോറിറ്റി പൊളിച്ചത്. കിലോമീറ്ററിന് ഒരു കോടി രൂപ ചിലവ് വരും ഈ സാങ്കേതിക വിദ്യയില്‍ ഉണ്ടാക്കുന്ന റോഡിന്
റോഡ് പണിയുടെ അവസാനഘട്ടമായ സാഹചര്യത്തിലാണ് ജല അതോറിറ്റി പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിനായി റോഡ് വെട്ടിപൊളിച്ചത്. സോയില്‍ സ്റ്റബിലൈസേഷന്‍ ആന്റ് റീ സൈക്ലിങ്ങ് എന്ന ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന റോഡിന് 15 വര്‍ഷമാണ് ഗ്യാരന്ിയുള്ളത്. നിലവില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് അഞ്ച് കിലോമീറ്റര്‍ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത്. ഇതാണ് ജല അതോറിറ്റി വെട്ടിപൊളിച്ചത്. ഈ മാസം മൂന്നിന് നിര്‍മ്മാണം തുടങ്ങിയ റോഡാണ് പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വാട്ടര്‍ അതോറിറ്റി നശിപ്പിച്ചത്.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി അറ്റകുറ്റ പണി നടക്കുന്നതിനിടെ പല ഭാഗങ്ങളിലും പൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങി. ഇതോടെ ജല അതോറിറ്റി അധികൃതര്‍ പൈപ്പ് ലൈന്‍ അടച്ചു. ഇതേ തുടര്‍ന്ന് പള്ളിക്കല്‍ വില്ലേജിലെ ജലവിതരണവും മുടങ്ങി. 20 ദിവസത്തിലധികമായി ജല വിതരണം പുനസ്ഥാപിക്കുന്നതിന് സാധികാതെ വന്നതോടെ വലിയ പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ഇതോ തുടര്‍ന്നാണ് റോഡ് വെട്ടിപൊളിച്ച് പൈപ്പ് നന്നാക്കാന്‍ ജല അതോറിറ്റി അധികൃതര്‍ രംഗത്ത് വന്നത്. ഇരു വകുപ്പുകളും തമ്മില്ലുള്ള ഏകോപനയില്ലായ്മ കാരണം വലയുന്നത് പൊതുജനങ്ങളാണ്.






