
സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ച വീട്ടുജോലിക്കാര്‍ക്ക് ശിക്ഷ. എത്യോപ്യന്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിയായ യുവതി തന്റെ കുഞ്ഞിനെ 10,000 ദിര്‍ഹത്തിനാണ് വില്ക്കാന് ശ്രമിച്ചത്. യുവതിയ്ക്ക് ദുബായ് കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചു. കുഞ്ഞിനെ വില്ക്കാന് യുവതിയെ സഹായിച്ച മറ്റൊരു വീട്ടുജോലിക്കാരിക്കും ശിക്ഷയുണ്ട്.
അഞ്ചു വര്‍ഷം മുന്‍പാണ് യുവതി യുഎഇയില്‍ എത്തിയതെന്ന് സംഭാഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. പത്തുമാസം ഒരു എമിറത്തി കുടുംബത്തില്‍ ജോലി ചെയ്ത ഇവര്‍ പിന്നീട് മുങ്ങുകയായിരുന്നു. നിയമവിരുദ്ധമായാണ് പിന്നീട് രാജ്യത്ത് തങ്ങിയത്. ഒരു സ്വദേശിയോടൊപ്പം താമസിക്കുകയും യുവതി ഗര്‍ഭിണി ആവുകയും ചെയ്തു. ഇതോടെ, സ്വദേശി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യുവതിയെ ഗര്‍ഭിണിയാക്കിയെന്നു പറയുന്ന സ്വദേശി പുരുഷന്റെ മുന്‍ ഭാര്യയുടെ പ്രതികരണമാണ് കേസില്‍ ശ്രദ്ധേയമായത്. ഇത്തരത്തില്‍ ഒരു കുഞ്ഞു ജനിച്ച കാര്യം അറിഞ്ഞിരുന്നു. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. വീട്ടുജോലിക്കാരിയെ നേരിട്ട് കാണുകയും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ അജ്മാനിലേക്ക് പോകണമെന്നും പറഞ്ഞു. എന്നാല്‍, പണം ലഭിച്ചാല്‍ കുഞ്ഞിനെ വില്‍ക്കുമെന്ന് യുവതി പറഞ്ഞത് ആശ്ചര്യമുണ്ടാക്കി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ യുവതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയതും വീട്ടുജോലിക്കാരിയെ പിടികൂടിയതും.
ആദ്യം കുറ്റം നിഷേധിച്ച യുവതി വിശദമായ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച പ്രായമായ പെണ്‍കുഞ്ഞിനെ 10000 ദിര്‍ഹത്തിന് എത്യോപ്യന്‍ യുവതി വില്ക്കാന് ശ്രമിക്കുകയാണെന്ന വിവരം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതേതുടര്‍ന്ന്, കുഞ്ഞിനെ വാങ്ങാന്‍ താല്പര്യമുണ്ടെന്ന് വ്യാജേന വനിതാ പൊലീസിനെ അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു സ്ത്രീകളും കുടുങ്ങിയത്. മൂന്നു മാസം തടവാണ് യുവതിക്ക് വിധിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തണമെന്നും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വ്യക്തമാക്കി. ഇവര്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരുന്നത്. എത്യോപ്യന്‍ യുവതിയുടെ കുഞ്ഞിനെ വില്ക്കാന് 28 വയസുള്ള വീട്ടുജോലിക്കാരിയും സഹായിക്കുകയായിരുന്നുവെന്നും യുവതി സമ്മതിച്ചു.






