
ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ തിളക്കവുമായി മാരുതി വിറ്റാര ബ്രെസ്സ. എന്നാൽ, രണ്ടു സ്റ്റാറാണ് കുട്ടികളുടെ സുരക്ഷയില്‍ ബ്രെസ്സ കാഴ്ച്ചവെച്ചത്. ഗ്ലോബല്‍ NCAP നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാതെ ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ ഒരുങ്ങുന്നതാണ് ഈ ഇനത്തില്‍ എസ്യുവി രണ്ടു സ്റ്റാർ ലഭിക്കാൻ കാരണം.
NCAP ക്രാഷ് ടെസ്റ്റ് മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് അരങ്ങേറുന്നത്. ഇരട്ട എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവ മാരുതി വിറ്റാര ബ്രെസ്സയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ഈ ഘടകങ്ങള്‍ ആണ് ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന നേട്ടം കുറിക്കാന്‍ എസ്യുവിയെ സഹായിച്ചത്. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതലാണ് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ 2019 ഒക്ടോബര്‍ ഒന്നുമുതല്‍ വിപണിയില്‍ വരുന്നു പുതിയ വാഹനങ്ങളില്‍ കര്‍ശനമാകും.
2016 -ലാണ് വിറ്റാര ബ്രെസ്സയെ മാരുതി ഇന്ത്യയില്‍ വില്പനയ്ക്ക് കൊണ്ടുവന്നത്. ടാറ്റ നെക്സോണും നേരത്തെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ചിരുന്നു. ബ്രെസ്സയില്‍ ഡീസല്‍ പതിപ്പ് മാത്രമെ കമ്പനി നല്‍കുന്നുള്ളൂ. 6.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. 89 bhp കരുത്തും 200 Nm ടോർക്കും സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനാണ് വിറ്റാര ബ്രെസ്സയിലുള്ളത്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ഒരുങ്ങുന്നു.






