
റിയാദ് : സൗദിയില്‍ നിന്നും കേരളത്തിലേയ്ക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് ഏതാണ്ട് രണ്ടു ലക്ഷം രൂപയോളം. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ഹാന്ഡ്ലിങ് ചാര്‍ജ് പതിനായിരത്തോളം രൂപയാക്കിയതോടെയാണ് ചെലവ് കൂടിയത്.
എംബാമിങ്, വിമാന ടിക്കറ്റ്, ഹാന്‍ഡിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശരാശരി 10,000 റിയാല്‍ ചെലവുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഇതില്‍ എംബാമിങ്ങിന് മാത്രം 6000 റിയാല്‍ വരും. വിമാന ടിക്കറ്റിനും അനുബന്ധ ചെലവുകള്‍ക്കുമായി 3500 റിയാല്‍ വേണം. 500 റിയാല്‍ കാര്‍ഗോ വിഭാഗം ഹാന്റ്ലിങ് ചാര്‍ജായി ഈടാക്കും. മൃതദേഹത്തെ മറ്റൊരാള്‍ അനുഗമിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് വേറെ ഈടാക്കും. ഇങ്ങനെ നീളുന്നു വിമാനച്ചെലവുകള്‍.
ഹാന്റിലിങ് ചാര്‍ജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ് എങ്കിലും നിലവില്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ഇനി സൗദിയിലെ തന്നെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകണമെങ്കില്‍ 625 റിയാലാണ് ഹാന്റിലിങ് നിരക്ക് ഈടാക്കുക.






