കൊച്ചി: ഓണ്‍ലൈനില്‍ മയക്കു മരുന്നിന് ഓര്‍ഡര്‍ കൊടുത്ത് പ്രതിയെ പിടികൂടാനിറങ്ങിയ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനു കിട്ടിയത് വെറും തട്ടിപ്പ് മരുന്നുകള്‍. കാന്‍സര്‍ രോഗികള്‍ക്കും ഉറക്കക്കുറവിനുമെല്ലാം ഡോക്ടര്‍മാരുടെ കുറിപ്പോടെ മാത്രം വില്പന നടത്തുന്ന മരുന്നുകള്‍ ഒരു കുറിപ്പടിയുമില്ലാതെ ലഭിക്കുമെന്നറിഞ്ഞാണ് കമ്മീഷണര്‍ ഈ മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തത്. മരുന്നുകള്‍ പറഞ്ഞ സമയത്തു തന്നെ വന്നെങ്കിലും മരുന്നുകള്‍ വെറും കാല്‍സ്യം സപ്ലിമെന്റോ, പൊടിയോ മാത്രമായിരുന്നെന്ന് വെളിപ്പെടുകയായിരുന്നു. ലാബില്‍ നടത്തിയ ടെസ്റ്റിലാണ് ഇത് വ്യക്തമായത്. ഇത് വെളിപ്പെടുത്തിയത് കമ്മീഷണര്‍ തന്നെയാണ്.
കൊച്ചിയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ട നടത്തിയതിനു പിന്നാലെ പ്രതിയെ പിടികുടിയ വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത മാധ്യമസമ്മേളനത്തിലാണ് അദ്ദേഹം തന്റെ അനുഭവം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊറിയര്‍ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ മൂവായിരത്തിലധികം മരുന്നു ഗുളികകള്‍ പിടികൂടിയിട്ടുണ്ടെന്നും ഋഷിരാജ് സിങ് അറിയിച്ചു. ഇവയെല്ലാം പരിശോധിച്ചാലെ മയക്കുമരുന്ന് കണ്ടെന്റ് അടങ്ങിയിട്ടുണ്ടോ എന്നു വ്യക്തമാവുകയുള്ളു. എന്നാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ യാതൊരു കുറിപ്പടിയും ഇല്ലാതെ ഇത്തരം മരുന്നുകള്‍ വില്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കുറ്റകരമാണെന്നും ഇതിനെതിരെ നടപടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമരത്തിനിറങ്ങുന്നതാണു മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ നിലപാട്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിദേശത്തേക്കു മയക്കുമരുന്ന് കടത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നു മരുന്നു കടത്താന്‍ പ്രതികള്‍ക്കു സാധിക്കുന്നു എന്നാണു മനസിലാക്കാന്‍ സാധിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനയുടെ പ്രശ്നമാണോ എന്ന ചോദ്യത്തിനു നമ്മള്‍ക്ക് അങ്ങനെ പറയാനാവില്ലെന്നും പലപ്പോഴും കുടുംബങ്ങളായി എത്തുന്നവരുടെ ഓരോ പാക്കറ്റുകളും പരിശോധിക്കുന്നതു പ്രായോഗിക ബുദ്ധിമുട്ടാകുമെന്നതിനാല്‍ അത് ഒഴിവാക്കുന്നതു മയക്കുമരുന്നു ലോബികള്‍ക്കു സഹായമാകുന്നതാണെന്നും കമ്മീഷണര്‍ പറഞ്ഞു.
തൊപ്പുംപടിയില് പിടികൂടിയ മരുന്നു കച്ചവടക്കാരന് അന്യസംസ്ഥാനത്തുനിന്നു നിരോധിക്കപ്പെട്ട മരുന്നു ചാക്കുകളില്‍ എത്തിച്ചു ചെറിയ വിലയ്ക്കു വഴിയരികില്‍ പോലും വില്കുന്നതു കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ മരുന്ന് ഉപയോഗം വര്‍ധിച്ചതായാണു മനസിലാകുന്നത്. ഇതിനെതിരെ പൊതു സമൂഹം ഒരുമിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരുമെന്നും എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.






