
കാസർകോട്: എടിഎം കൗണ്ടറിന്റെ ചില്ല് തകർന്ന് ദേഹത്ത് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മംഗളൂരുവിൽ മരിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്. കർണാടക കോഓപ്പറേറ്റീവ് ബാങ്ക് മംഗളൂരു ശാഖയിലെ അറ്റൻഡറായിരുന്നു. ചൊവ്വാഴ്ച ജോലി കഴിഞ്ഞ ശേഷം ബാങ്കിന് സമീപത്തെ എടിഎം കൗണ്ടറിൽ കയറിയപ്പോഴാണ് അപകടം.
കാൽ വഴുതി വീണ ബാലകൃഷ്ണന്റെ ദേഹത്തേക്ക് ചില്ല് പാളി മറിഞ്ഞു വീഴുകയായിരുന്നു. എടിഎം കൗണ്ടറിൽ എത്തിയവരാണ് രക്തം വാർന്ന നിലയിൽ ബാലകൃഷ്ണനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം കാഞ്ഞങ്ങാട്ട് എത്തിക്കും. മംഗളൂരുവിൽ താമസിച്ചിരുന്ന ബാലകൃഷ്ണൻ ആഴ്ചയിൽ ഒരിക്കലാണ് നാട്ടിൽ എത്തിയിരുന്നത്. ഭാര്യ: ഭാരതി. മകൾ: ശ്രദ്ധ.






