
കണ്ണൂര്‍: ഡിസംബറില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുങ്ങുന്നത് ആധുനിക സൗകര്യങ്ങള്‍. രാജ്യത്തെ ആദ്യ ആധുനിക ഓട്ടോമാറ്റിക് ബാഗേജ് സംവിധാനമാകും കണ്ണൂരിലേത്. പിഎന്‍ആര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ സ്വന്തമായി പരിശോധന നടത്തിയ ശേഷം ബോര്‍ഡിങ്ങ് പാസ് പ്രിന്റ് ചെയ്യുന്ന സൗകര്യമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. വെന്ഡര്ലാന്ഡെ എന്ന കമ്പനിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനുള്ള കരാറും എടിഎസ്എല്‍ എന്ന കമ്പനിക്ക് നല്‍കിയതായി കിയാല്‍ എംഡി വി. തുളസിദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യഘട്ടത്തില്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യക്ക് പുറമെ രണ്ട് വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുക. സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോ, ഗോഎയര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് കിയാല്‍ എംഡി പറഞ്ഞു. വൈകാതെ തന്നെ സ്പൈസ് ജെറ്റും സര്‍വീസ് തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകളില്‍ ആദ്യ സര്‍വീസുകള്‍ നടത്തുന്നത് ഗള്‍ഫ് മേഖലകളിലേക്ക് ആയിരിക്കും.
ചൊവ്വാഴ്ച്ച കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച വിവിധ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളുടേയും എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസ് ഏജന്‍സികളുടേയും പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് ശേഷമാണ് കിയാല്‍ എംഡി ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വിദേശ കമ്പനികളായ ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍, ഗള്‍ഫ് എയര്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.






