കറാച്ചി: പാകിസ്താനിലെ കറാച്ചി സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് മുഹമ്മദ് റഷീദ്. പാക് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും റഷീദിന് വരുന്ന ഒരു ഫോണ്‍ കോളാണ് ഇയാളെ ഞെട്ടിച്ചത്. റഷീദിന്റെ ബാങ്ക് അക്കൗണ്ട് വഴി നടന്ന 300 കോടിയുടെ സാമ്പത്തിക ഇടപാടിനെ സംബന്ധിച്ച് വിശദീകരണം നല്‍കണം എന്നതായിരുന്നു അധികൃതരുടെ ആവശ്യം. ദിവസകൂലിക്കാരനായ റഷീദ് വീണ്ടും ഞെട്ടിയത് 300 കോടി എന്ന കണക്ക് കേട്ടപ്പോഴാണ്.
പാകിസ്താനിലെ ഫെഡറല്‍ ഇന്വെസ്റ്റിക്കേഷന് ഏജന്‍സിയാണ് റഷീദിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ഭയന്നുപോയ റഷീദിനോട് ഉടന്‍ തങ്ങളുടെ ഓഫീസില്‍ എത്താന്‍ എഫ്.ഐ.എ ആവശ്യപ്പെട്ടു. ഇടപാടിനെ കുറിച്ച് അറിയില്ല എന്നു പറഞ്ഞ റഷീദിന് തന്റെ ബാങ്ക് അക്കൗണ്ട് വഴി നടത്തിയ ഇടപാടിന്റെ രേഖകള്‍ എഫ്.ഐ.എ ഉദ്യോഗസ്ഥര്‍ കാണിച്ച് കൊടുത്തു. 2005ല്‍ റഷീദ് ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി തുടങ്ങിയ സാലറി അക്കൗണ്ട് വഴിയാണ് ഇടപാട് നടന്നിരിക്കുന്നത്. ഈ ജോലി റഷീദ് പിന്നീട് ഉപേക്ഷിച്ചിരുന്നു.
മുന്നൂറ് കോടി രൂപ എന്നത് തനിക്ക് ഒരു സ്വപ്നം മാത്രമാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു ലക്ഷം രൂപ ഒന്നിച്ച് താന്‍ കണ്ടിട്ടില്ലെന്നും റഷീദ് വ്യക്തമാക്കി. മുന്‍ കമ്പനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന്റെ പേര് പോലും ഓര്‍ത്തെടുക്കാന്‍ റഷീദിന് കഴിഞ്ഞില്ല. താനും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നതെന്നും രണ്ട് അറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണെന്നും റഷീദ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അത്തരത്തിലുള്ള തനിക്ക് ഇതുപോലത്തെ ഒരു തുക ചിന്തിക്കാന്‍ പോലും കഴിയില്ല. തന്റെ ബാങ്ക് അക്കൗണ്ട് ആരോ ദുരുപയോഗം ചെയ്തതാണെന്നും റഷീദ് ഉദ്യോഗസ്ഥരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കറാച്ചിയിലെ ഒരു ഭക്ഷണ വിതരണക്കാരന്റെ അക്കൗണ്ടിലും 200 കേടി രൂപ കണ്ടെത്തിയിരുന്നു. സുപ്രീം കോടതി ഇത്തരം ഇടപാടുകള്‍ അന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായി പുറത്തു വരുന്നത്. നിരന്തര ഉപയോഗം ഇല്ലാത്ത സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണ് ദുരുപയോഗപ്പെടുന്നത്. ഇടപാടുകളില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.






