
മുംബൈ: ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടാന്‍ ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ നീക്കം. തനിക്ക് നാഡീ സംബന്ധിമായ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഇന്ദ്രാണി വാദിച്ചു. ജയിലില്‍ കിടന്ന് താന്‍ മരിച്ചാല്‍ സി.ബി.ഐ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും ഇന്ദ്രാണി ചോദിച്ചു.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസവും ഇന്ദ്രാണി ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും കോടതി അനുവദിച്ചില്ല. തന്റെ അനാരോഗ്യത്തെക്കുറിച്ച് പെരുപ്പിച്ച് കാട്ടിയ വിവരങ്ങളാണ് ഇന്ദ്രാണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതെന്നായിരുന്നു കോടതി നിരീക്ഷണം. തുടര്‍ച്ചയായി തലകറക്കവും തലചുറ്റലും അനുഭവപ്പെടുന്നു എന്നാണ് അവരുടെ വാദം.
അതേസമയം പുറത്തിറങ്ങിയാല്‍ പരിചരിക്കാന്‍ ആരുമില്ലാത്ത ഇന്ദ്രാണിക്ക് ജാമ്യം അനുവദിക്കുന്നതില്‍ കാര്യമില്ലെന്ന് ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സി.ബി.ഐ വാദിച്ചു. മകള്‍ ഷീന ബോറയെ വധിച്ച കേസില്‍ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും വിചാരണാ തടവുകാരായി ബൈക്കുള ജയിലില്‍ കഴിയുകയാണ്. ഇതിനിടെ പീറ്റര്‍ മുഖര്‍ജിയില്‍ നിന്ന് വിവാഹമോചനം തേടി ഇന്ദ്രാണി ഹര്‍ജി നല്‍കിയിരുന്നു.






