
ആർത്തവം (Menstruation)
സ്ത്രീകൾക്ക് മാസം തോറും ഉണ്ടാകുന്ന രക്തസ്രാവമാണ് ആർത്തവം അഥവാ മാസമുറ എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് 2-7 ദിവസം വരെ നീണ്ടുനിൽക്കാം. മിക്കപ്പോഴും അഞ്ച് ദിവസമായിരിക്കും ഇതിന്റെ ദൈർഘ്യം.
എന്താണ് ആർത്തവചക്രം (What is a menstrual cycle)?
ഒരു സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ, ഗർഭധാരണത്തിനായുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട്, നടക്കുന്ന ശാരീരികമായ എല്ലാ മാറ്റങ്ങളെയും സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന പദമാണ് ആർത്തവചക്രം. ഇത് ചാക്രികമായി ആവർത്തിക്കുന്ന ഒന്നാണ്. മിക്ക സ്ത്രീകളിലും 21-35 ദിവസം ഉൾപ്പെടുന്ന സമയമായിരിക്കും ഒരു ആർത്തവ ചക്രം.
പ്രായപൂർത്തിയാകുന്നതിന്റെ (പ്യൂബർട്ടി) ഭാഗമായി, കൗമാര പ്രായത്തിലായിരിക്കും ഒരു പെൺകുട്ടിക്ക് ആദ്യത്തെ ആർത്തവം ഉണ്ടാകുന്നത്. ‘മെനാർക്കി’ (menarche) എന്നാണ് ആദ്യത്തെ ആർത്തവം അറിയപ്പെടുന്നത്. ഇത് ഒരു പെൺകുട്ടി പ്രത്യുത്പാദനശേഷി കൈവരിച്ചുവെന്നതിന്റെ സൂചനയാണ്.
പെൺകുട്ടിയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ നിരവധി മാറ്റങ്ങൾക്ക് കാരണമാകുന്നു, ഇവയിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
1. അണ്ഡവിക്ഷേപണത്തിനായി അണ്ഡാശയത്തെ സജ്ജമാക്കുന്നു
2. വിജയകരമായി ബീജസംയോഗം നടക്കുകയാണെങ്കിൽ, അണ്ഡത്തെ സ്വീകരിക്കുന്നതിനായി ഗർഭാശയം കട്ടിയുള്ളതും പോഷകസമ്പുഷ്ടവുമാക്കുന്നു.
3. ബീജസംയോഗം നടക്കാത്ത അവസരത്തിൽ, ഗർഭപാത്രത്തിനുള്ളിലെ പുറം പാളിയും ബീജസംയോഗം നടക്കാത്ത അണ്ഡവും പുറന്തള്ളുന്നു (ഇത്, യോനിയിലൂടെ രക്തപ്രവാഹത്തിന്റെ രീതിയിലായിരിക്കും).
ഒരു ആർത്തവ ചക്രം എന്ന് പറയുന്നത് 21- 35 ദിവസം നീളുന്ന കാലയളവാണ്. ഗർഭപാത്രത്തിനുള്ളിലെ കട്ടിയുള്ള ഉപരിതലപാളി (എൻഡോമെട്രിയം) കൊഴിച്ചുകളയുന്ന പ്രക്രിയയാണ് ആർത്തവം അഥവാ മെൻസസ് അഥവാ മാസമുറ എന്ന പേരിൽ അറിയപ്പെടുന്നത്.
ഒരു ആർത്തവ ചക്രത്തിൽ പ്രത്യുത്പാദന വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ? (What are the changes that happen in the reproductive system during menstrual cycle?)
തലച്ചോറിലെ ഹൈപ്പോത്തലാമസ് എന്ന ഭാഗവും പിറ്റ്യൂറ്ററി ഗ്രന്ഥിയും ചേർന്നാണ് ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത്.
ഹൈപ്പോത്തലാമസ് ‘ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺൺ റിലീസ് ഹോർമോൺ (FSH-RH) ഉത്പാദിപ്പിക്കുന്നതിലൂടെ പിറ്റ്യൂറ്ററി ഗ്രന്ഥിക്ക് സൂചന ലഭിക്കുകയും അത് ഫോളിക്കിൾ റില്ലീസിംഗ് ഹോർമോണും (FSH) ല്യൂട്ടിനൈസിംഗ് ഹോർമോണും (LH) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ഹോർമോണുകൾ അണ്ഡാശയത്തിന് അണ്ഡങ്ങൾ പാകപ്പെടുത്തുന്നതിനുള്ള സൂചന നൽകുന്നു.
അണ്ഡാശയം (Ovary)
ജനിക്കുമ്പോൾ തന്നെ ഒരു പെൺകുട്ടിയുടെ അണ്ഡാശയത്തിൽ ജീവിതകാലത്തേക്കുള്ള അണ്ഡങ്ങൾ രൂപപ്പെട്ടിരിക്കും. ഫോളിക്കിളുകൾ എന്ന് വിളിക്കുന്ന സഞ്ചികളിലാണ് ഇവ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ആർത്തവ ചക്രം ആരംഭിക്കുന്ന അവസരത്തിൽ, അവ പാകപ്പെടുത്താൻ അണ്ഡാശയത്തിന് പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നുള്ള ഹോർമോണുകളുടെ രൂപത്തിൽ സന്ദേശം ലഭിക്കുന്നു.
പാകമാകുന്ന ഫോളിക്കിളുകൾ രക്തത്തിലേക്ക് ഈസ്ട്രജൻ എന്ന ഹോർമോൺ സ്വതന്ത്രമാക്കുന്നു. ആർത്തവചക്രം ആരംഭിക്കുന്ന സമയത്ത് രക്തത്തിൽ ഈസ്ട്രജൻ നില കുറവായിരിക്കുമെങ്കിലും ക്രമേണ അത് ഉയരുന്നു. ഇത്തരത്തിൽ, ഈസ്ട്രജൻ നില ഉയരുന്നത് ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും, ബീജസംയോഗം നടന്ന അണ്ഡത്തെ സ്വീകരിക്കണമെന്ന പ്രതീക്ഷയിൽ, ഗർഭപാത്രത്തിന്റെ ഉൾ പാളിക്ക് കനം കൂടുകയും ചെയ്യുന്നു.
പാകപ്പെടാൻ ആരംഭിച്ച ഫോളിക്കുകളിൽ ഒരെണ്ണത്തിന് പ്രാമുഖ്യം ലഭിക്കുകയും (ഡോമിനന്റ് ഫോളിക്കിൾ) അതിലുള്ള അണ്ഡം വളരുകയും ബീജസംയോഗത്തിനായി പാകപ്പെടുകയും ചെയ്യുന്നു.
ആർത്തവചക്രം പുരോഗതി പ്രാപിക്കുന്നതിന് അനുസൃതമായി രക്തത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ നില ഉയരുകയും ഒരു പ്രത്യേക അളവിൽ എത്തുമ്പോൾ ല്യൂട്ടിനൈസിംഗ് ഹോർമോൺ റിലീസിംഗ് ഹോർമോൺ (LH-RH) ഉത്പാദിപ്പിക്കുന്നതിന് ഹൈപ്പോത്തലാമസിനു പ്രേരണയാവുകയും ചെയ്യുന്നു. ഇത് ഉയർന്ന അളവിൽ ല്യൂട്ടിനൈസിംഗ് ഹോർമോൺ ഉത്പാദിപ്പിക്കുന്നതിന് പിറ്റ്യൂറ്ററി ഗ്രന്ഥിക്ക് ഉത്തേജനം നൽകുന്നു. ഈ ഹോർമോണിന്റെ നില അധികമാവുന്നത് പാകമായ ഒരു ഫോളിക്കിൾ പൊട്ടുന്നതിനും അണ്ഡം സ്വതന്ത്രമാവുന്നതിനും കാരണമാകും. ഈ പ്രക്രിയയാണ് അണ്ഡവിസർജനം അഥവാ അണ്ഡവിക്ഷേപണം.
സ്വതന്ത്രമാക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിനിക്കുഴലുകൾ വഴി സാവധാനത്തിൽ ഗർഭപാത്രത്തിലേക്കു നീങ്ങുന്നു. ഈ സന്ദർഭത്തിൽ ലൈംഗികബന്ധത്തിലേർപ്പെടുകയാണെങ്കിൽ, ബീജവും അണ്ഡവുമായുള്ള സംയോഗം നടക്കുന്നു. ഇതു സംഭവിച്ചില്ലെങ്കിൽ, ബീജസംയോഗം നടക്കാത്ത അണ്ഡം ആർത്തവസമയത്ത് പുറന്തള്ളപ്പെടും.
അണ്ഡവിസർജനം നടന്നശേഷം, ശൂന്യമായ ഫോളിക്കിൾ പ്രൊജെസ്റ്റെറോൺ ഹോർമോൺ ഉത്പാദിപ്പിക്കുന്നു. പ്രൊജസ്റ്റിറോൺ ഹോർമോൺ ഈസ്ട്രജൻ ഹോർമോണുമായി ചേർന്ന് ഗർഭപാത്രത്തിനുള്ളിലെ ഉപരിതലപാളിയെ ഗർഭത്തിനായി കൂടുതൽ സജ്ജവും സമ്പുഷ്ടവുമാക്കുന്നു.
ഗർഭപാത്രം (Uterus)
എന്താണ് സ്വാഭാവിക ആർത്തവചക്രം? (What is considered as a normal menstrual cycle?)
കാലയളവ് (Duration)
ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന്റെ ആദ്യ ദിനം വരെയുള്ള ദിവസങ്ങളാണ് ആർത്തവചക്രത്തിന്റെ കാലയളവായി കണക്കാക്കുന്നത്. ശരാശരി ആർത്തവചക്രം 28 ദിവസം (ഏകദേശം ഒരു മാസം) ആണ്. എന്നാൽ, ഇതിൽ വ്യത്യാസം ഉണ്ടാകാം. 21 – 35 ദിവസം വരെ സ്വാഭാവികമായി കണക്കാക്കുന്നു.
കൗമാരക്കാരിലും ആർത്തവവിരാമമടുക്കുന്ന, 40 കളിൽ എത്തിനിൽക്കുന്ന, സ്ത്രീകളിലും 21 – 35 ദിവസം വരെ നീളുന്ന ദീർഘമായ കാലയളവുണ്ടാകുന്നത് സ്വാഭാവികമാണ്. കൗമാരക്കാരിലെ ദൈർഘ്യമുള്ള കാലയളവ്, പ്രായം കൂടുന്നതിനനുസൃതമായി സ്വാഭാവിക നിലയിലെത്തും.
രക്തസ്രാവം (Bleeding)
വ്യത്യസ്ത സ്ത്രീകളിൽ ആർത്തവ രക്ത്രസ്രാവത്തിന്റെ അളവ് വിഭിന്നമായിരിക്കാം. ആർത്തവ രക്തത്തിന്റെ നിറം, മുറിവുകളിലൂടെ നഷ്ടപ്പെടുന്ന രക്തത്തിന്റെ നിറത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും.
സാധാരണയായി, ആർത്തവത്തിലൂടെ 30-40 മില്ലി രക്തമാണ് നഷ്ടപ്പെടുന്നത്. ആർത്തവചക്രത്തിൽ, 60-80 മില്ലി രക്തം നഷ്ടമാകുന്നുവെങ്കിൽ അത് കടുത്ത ആർത്തവ രക്തസ്രാവമായി കണക്കാക്കുന്നു. മിക്ക സ്ത്രീകൾക്കും അവർക്ക് സ്വാഭാവികമായി നഷ്ടമാകുന്ന രക്തത്തിന്റെ അളവിനെക്കുറിച്ച് ബോധ്യമുണ്ടായിരിക്കുമെന്നതിനാൽ, അസ്വാഭാവികതകൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.
മറ്റു ലക്ഷണങ്ങൾ (Other symptoms)
ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങൾ മൂലം സ്ത്രീകൾക്ക് ആർത്തവത്തിനു മുമ്പും ആർത്തവസമയത്തും അതിനു ശേഷവും നിരവധി ലക്ഷണങ്ങൾ അനുഭവപ്പെടാം.
അടിവയറ്റിൽ കോച്ചിവലിക്കൽ, നടുവ് വേദന, തുടകളുടെ ഉൾഭാഗത്ത് വേദന, വയർ വീർത്തുമുട്ടൽ, തലവേദന, സ്തനങ്ങൾ നിറഞ്ഞതായും വേദനയും അനുഭവപ്പെടുക, ഓക്കാനം, വയറിളക്കം, മലബന്ധം, അസ്വസ്ഥത, മനോനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയും ഇത്തരം ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.