
വേള് റെസ്ലിംഗ് എന്റര്ടൈന്മെന്റില് റോമന്‍ റൈന്‍സ് എന്ന പേര് കേട്ടാല്‍ മതി ആരാധകര്‍ ഇളകി മറിയാന്‍. ജോ എന്ന സാധാരണതക്കാരനില് നിന്നും ലോകം അറിയുന്ന റെസ്ലറായി മാറിയ റോമന്‍ റെയിന്‍സിന്റെ കഥ സംഭവ ബഹുലം തന്നെയാണ്. കഠിനാദ്വാനം തന്നെയാണ് താരത്തെ ഡബ്ല്യുഡബ്ല്യുഇ ഗുസ്തിയിലെ താരങ്ങളുടെ താരമാക്കിയത്. ഇപ്പോള്‍ താന്‍ രക്താര്‍ബുദ ബാധിതനാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ ഇടിപ്രേമികള്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.
മണ്ടേ നൈറ്റ് റോയിലായിരുന്നു റോമന്‍ റൈന്‍സിന്റെ വികാരനിര്ഭയമായ വെളിപ്പെടുത്തല്‍. തന്റെ യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് താന്‍ ഉപേക്ഷിക്കുന്നതായും ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞപ്പോള്‍ വിങ്ങലോടെയാണ് കായിക പ്രേമികള്‍ ഇത് കേട്ടിരുന്നത്.
കഴിഞ്ഞ 11 വര്‍ഷമായി തനിക്കൊപ്പം ഈ രോഗമുണ്ട്. നിശ്ചയദാര്‍ഢ്യം കൊണ്ട് അതിനെ കീഴ്പ്പെടുത്തിയതായിരുന്നു ഞാന്‍. വീണ്ടും തിരികെ വന്നിരിക്കുന്നു 33കാരനായ റോമന്‍ റെയിന്‍സ് പറഞ്ഞു. മൂന്ന് കുട്ടികളുടെ പിതാവായ റെയിന്‍സ് റിങ്ങില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയാണെന്നും അറിയിച്ചു. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. മാസങ്ങളായി ഞാന്‍ നിങ്ങളോട് പറഞ്ഞതെല്ലാം കളവായിരുന്നു. എല്ലാ ആഴ്ചയും ഇവിടെയെത്തി ചാംപ്യനായി ഞാന്‍ മടങ്ങുമെന്ന എന്റെ പ്രഖ്യാപനം വെറും കളളത്തരമായിരുന്നു.
എനിക്ക് ഇനി ഒരു പോരാളിയായി തുടരാന്‍ ആകില്ലെന്ന് മനസിലാക്കുന്നു. ഞാന്‍ എന്റെ യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയാണ്. ഞാന്‍ കളളം പറയില്ല. നിങ്ങളുടെ ഓരോ പ്രാര്‍ത്ഥനയും ഞാന്‍ കൂടെ കൂട്ടും. എന്നെയോര്‍ത്ത് ആരും കരയണ്ട. എനിക്ക് നിങ്ങളുെട സഹതാപം വേണ്ട. എനിക്ക് എന്നെ തന്നെ വിശ്വാസമാണ് റെയിന്‍സ് പറഞ്ഞു.
ഇതൊരു വിടവാങ്ങല്‍ പ്രസംഗമല്ല. എനിക്ക് തിരിച്ചു വന്നേ പറ്റു. എനിക്കു വേണ്ടി, എന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി. എന്റെ ഭാര്യയ്ക്കും കുഞ്ഞുമക്കള്‍ക്കു വേണ്ടി തിരിച്ചു വരിക തന്നെ ചെയ്യും. ഇരുപത്തിരണ്ടാം വയിസില്‍ ഈ രോഗം എന്നെ പിടികൂടിയിരുന്നു. നടുറോഡില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. സ്വന്തമായി ഒരു വീട് പോലും ഇല്ലാതിരുന്ന എനിക്കു അവസരം തന്ന് എന്നെ വലിയ താരമാക്കിയത് ഡബ്ല്യുഡബ്ല്യുഇ ആണ്. അന്ന് എനിക്ക് പണമോ ജോലിയോ ഒന്നും ഇല്ലായിരുന്നു. ചികിത്സയ്ക്ക് വേറെ മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. എന്റെ സ്പനം യഥാര്‍ത്ഥമാക്കിയത് നിങ്ങളാണ്. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് കുടുംബത്തോടൊപ്പം ചെലവഴിച്ച് ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് റെയിന്‍സ് പറഞ്ഞു.






