
ലണ്ടന്‍: സിനിമാ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍, പ്രമാണികള്‍ ലോകത്തുടനീളം മാന്യതയുടെ കപട മുഖംമൂടികളെ വലിച്ചുകീറി ഒട്ടിച്ച് സ്ത്രീ പീഡനത്തിന് എതിരേയുള്ള മീ ടൂ ക്യാമ്പയിന് അരങ്ങു തകര്‍ക്കുമ്പോള്‍ ആരോപണങ്ങളില്‍ പെട്ടുപോയ ഒരാളുടെ പേര് പരാമര്ശിക്കുന്നതില് നിന്നും മാധ്യമത്തിന് വിലക്ക്. എട്ടുമാസമായി മീ ടൂ കഥകള്‍ പുറത്തുവിട്ടുകൊണ്ടേയിരിക്കുന്നതിനിടെ ബ്രിട്ടീഷ് മാധ്യമം ഡെയ്ലി ടെലിഗ്രാഫിനെയാണ് ആരോപണ വിധേയനായിരിക്കുന്ന ഒരാളുടെ പേരുവിവരങ്ങള്‍ പരാമര്ശിക്കുന്നതില് നിന്നും കോടതി വിലക്കിയത്.
വംശീയ വിദ്വേഷത്തിനും ലൈംഗികചൂഷണത്തിനും ആരോപണ വിധേയനായിരിക്കുന്ന ബ്രിട്ടനിലെ ഒരു പ്രമുഖ ബിസിനസുകാരനാണ് വിധി സമ്പാദിച്ചത്. തന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഇംഗ്ളണ്ട് ആന്റ് വെയ്ല്‍സിലെ ഉന്നത കോടതിയില്‍ നിന്നും താല്‍ക്കാലിക മരവിപ്പിക്കല്‍ സ്വന്തമാക്കാന്‍ ഇയാള്‍ ഉപയോഗിച്ചത് ഏഴ് അഭിഭാഷകരെയാണ്. അവര്‍ക്ക് ഫീസായി ഇറക്കിയത് ആറു ലക്ഷം ഡോളറും. ഇരകളുമായി പേര് പുറത്തു വിടാന്‍ കഴിയാത്ത തരത്തിലുള്ള കരാറുകള്‍ ഉണ്ടാക്കിയിരുന്നതായും അതിന്റെ ഗുണഗണങ്ങള്‍ ഇരകള്‍ കൈപ്പറ്റിയിരുന്നതായുമാണ് കോടതി വിധിച്ചത്. വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് ഈ കരാറിന്റെ ലംഘനമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഇത് നീതിയുക്തമായ ഒരു വിധിയല്ലെന്നും മാധ്യമം പറഞ്ഞു. ബിസിനസുകാരനുമായി മാധ്യമം ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് പൊതുതാല്പ്പര്യാര്ത്ഥമാണെന്നുമുള്ള ടെലിഗ്രാഫിന്റെ വാദം കോടതി ചെവിക്കൊണ്ടില്ല. അതേസമയം ''പുറത്തു വിടാന്‍ കഴിയാത്ത ഒരു മീ ടൂ വിവാദം' എന്ന തലക്കെട്ടോടെ കോടതിക്കഥയുമായിട്ടാണ് ടെലിഗ്രാഫ് ബുധനാഴ്ച പുറത്തു വന്നത്. തിരിച്ചറിയാത്ത ഒരു ബിസിനസുകാരനെതിരേയാണ് ആരോപണം എന്നും എന്തായാലും സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് നേരെയുള്ള കരുത്തരായ ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരേ മീടൂ കത്തിപ്പടരുക തന്നെ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പത്രം പറയുന്നു.
സംഭവം ബ്രിട്ടനില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇരകളുടെ അവകാശത്തിന് വേണ്ടി പോരാടുമെന്ന് ഒരു വനിതാ എംപിയും വ്യക്തമാക്കി. ചിലരുടെ മോശം സ്വഭാവം മറച്ചു പിടിക്കാന്‍ ഇരകളെക്കൊണ്ടു പുറത്തുപറയില്ലെന്ന കരാറുകളില്‍ ഒപ്പിടുവിച്ചാല്‍ മതിയെന്ന് വിമര്‍ശകര്‍ പരിഹസിച്ചു. ഇത്തരം കരാറുകള്‍ക്കെതിരേ നിയമനിര്‍മ്മാണം നടത്തുമെന്നാണ് തെരേസാ മെയ് യുടെ പ്രതികരണം.






