
അഹമ്മദാബാദ്: ജാതി മറച്ചു വെച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരേ വഞ്ചനാക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് നവവധുവിന്റെ പരാതി. പ്രണയിച്ചു വിവാഹം കഴിച്ച ശേഷം ഭര്‍ത്താവ് ബ്രാഹ്മണനല്ലെന്ന് മനസ്സിലാക്കി ബന്ധം ഉപേക്ഷിച്ച മെഹ്സാനാ ജില്ലയിലെ ബെക്രാജി താലൂക്കിലെ അഡിവാഡ ഗ്രാമത്തില്‍ നിന്നുള്ള ഏക്താപട്ടേല് എന്ന യുവതിയാണ് പരാതിക്കാരി. ബ്രാഹ്മണനാണെന്ന വ്യാജേനെ ഭര്‍ത്താവ് തന്നെ വഞ്ചിച്ചു വിവാഹം കഴിച്ചെന്നും കല്യാണം നടക്കാന്‍ ജാതി മറച്ചുവെച്ചെന്നുമാണ് ആരോപണം.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് യുവതി എംകോം കഴിഞ്ഞത്. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ ഒരു ജോലി അത്യാവശ്യമായിരുന്നു. തുടര്‍ന്ന് ജ്യോത്സനാ മെഹ്താ എന്നയാളുടെ ഗ്യാസ് ഏജന്‍സിയില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞ് അവിടെ അക്കൗണ്ടന്റ് ജോലിക്കായി സമീപിച്ചു. മാസം 5,000 രൂപ ശമ്പളത്തിന് ജോലിക്ക് കയറുകയും ചെയ്തു. ഇതിനിടയിലാണ് ജ്യോത്സ്നാ മെഹ്തയുടെ മകന് യാഷ് തങ്ങള്‍ ബ്രാഹ്മണരാണെന്ന് തന്നോട് പറഞ്ഞത്. ക്രമേണെ നിരന്തരം കാണുകയും സംസാരിക്കുകയും ചെയ്തതിലൂടെ തങ്ങള്‍ അടുക്കുകയും പ്രണയത്തിലാകുകയും ചെയ്തു. തന്നേപ്പോലെ സവര്‍ണ്ണ വിഭാഗത്തില്‍ പെടുന്നതിനാലാണ് അയാളെ വിവാഹം കഴിക്കാന്‍ തീരുമാനം എടുത്തത്. ഈ വര്‍ഷം ഏപ്രില്‍ 23 ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരാകുകയും ചെയ്തു. കാണ്‍പൂരിലെ ഒരു കേന്ദ്രത്തില്‍ വെച്ച് ഹിന്ദു പുരോഹിതന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. എഎംസിയുടെ ഷാപൂര്‍ ഓഫീസില്‍ വിവാഹം പിന്നീട് റജിസ്റ്ററും ചെയ്തു.
വീട്ടില്‍ പിന്നീട് താമസിക്കുന്നതിനിടയിലാണ് ഒരുദിവസം യാഷിന്റെ കുടുംബപ്പേര് ഖാമര്‍ എന്നാണെന്ന് മനസ്സിലാക്കിയത്. കുടുംബപ്പേര് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ഖാമര്‍ എന്നത് ബ്രാഹ്മണ വിഭാഗത്തില്‍ പെടുന്നതല്ല എന്നും മനസ്സിലാക്കി. സ്വന്തം ജാതി മറച്ചുവെച്ച് ബ്രാഹ്മണനാണെന്ന് കള്ളംപറഞ്ഞ് തന്റെ വിശ്വാസത്തെ യാഷ് വഞ്ചിച്ചെന്നും അക്കാര്യത്തില്‍ കേസെടുക്കണമെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടിലെത്തിയ യുവതി മാതാപിതാക്കളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കച്ചിയാ എന്ന് കൂടി അറിയപ്പെടുന്ന ഖാമര്‍ ജാതി ഒബിസിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പോരാടുന്ന ജനറല്‍ വിഭാഗത്തില്‍ വരുന്നതാണെന്നാണ് സോഷ്യോളജിസ്റ്റുകള്‍ പറയുന്നത്.






