
റോബോട്ടുകള്‍ തന്നെ റോബോട്ടുകളെ നിര്‍മിക്കുന്ന സാങ്കേതിക വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യ നിര്‍മിത റോബോട്ടുകളുടെ കാലം അവസാനിക്കുന്നു. പുതിയ റിപോർട്ടുകൾ പ്രകാരം സ്വിസ് ബഹുരാഷ്ട്ര കോര്‍പ്പറേഷനായ എബിബിയുടെ ചൈനയിലെ പുതിയ ഫാക്റ്ററിയില്‍ റോബോട്ടുകള്‍ റോബോട്ടുകളെ നിര്‍മിക്കാനൊരുങ്ങുന്നു.
ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകളുടെ ചൈനയിലെ ഏറ്റവും വലിയ നിര്‍മാതാക്കളെന്ന നിലയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് എബിബിയുടെ ഈ നീക്കം. ഇതിനായി 150 മില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി നടത്തും. സ്വിസ് എന്‍ജിനീയറിംഗ് ഗ്രൂപ്പായ എബിബി ചൈനയിലെ ഷാങ്ഹായിലാണ് റോബോട്ടുകള്‍ റോബോട്ടുകളെ നിര്‍മിക്കുന്ന ഫാക്റ്ററി വികസിപ്പിക്കാനൊരുങ്ങുന്നത്.
എബിബി ചൈനയിലേക്കും ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമുള്ള റോബോട്ടുകള്‍ നിര്‍മിക്കും. യുഎസ് കഴിഞ്ഞാല്‍ എബിബിയുടെ രണ്ടാമത്തെ പ്രധാന വിപണി ചൈനയാണ്. ചൈനയിലെ എബിബിയുടെ റോബോട്ടിക് കാംപസിനടുത്തായാണ് പുതിയ ഫാക്റ്ററി വികസിപ്പിക്കുന്നത്. 2020 അവസാനത്തോടെ ഫാക്റ്ററി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന.
അത്യാധുനിക സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ എബിബിയുടെയും ലോകത്തിലെ തന്നെയും ഒരു സുപ്രധാന കേന്ദ്രമായി ഷാങ്ഹായ് മാറിക്കഴിഞ്ഞുവെന്നും എബിബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍റിച്ച് സ്പൈസ്ഷോഫ് അറിയിച്ചു. അതേസമയം, യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ ചൈനീസ് റോബോട്ടുകളുടെ വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്ക എബിബിക്കുണ്ട്.






