കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തുന്നത് സമൂഹത്തിലെ വിവേചനങ്ങള്‍ നിലനില്‍ക്കേണ്ടത് ആവശ്യമുള്ളവരാണെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രധാനമായ വിധിയെ സ്വാഗതം ചെയ്യുന്നു. തെരുവില്‍ ഏറ്റുമുട്ടാനില്ലെന്നാണ് കെ.പി.എം.എസ് നിലപാടെന്നും പുന്നല കൂട്ടിച്ചേര്‍ത്തു.
സതി നിരോധിച്ചപ്പോഴും ശൈശവ വിവാഹം നിരോധിച്ചപ്പോഴും വഴി നടക്കാനും മാറുമറയ്ക്കാനും സമരം നടന്നപ്പോഴൂം ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് നാം ഇവിടെ വരെ എത്തിയത്. വിവേചനങ്ങളിലൂടെ മാത്രം നിലനില്ക്കാന് കഴിയുന്ന ഏജന്‍സികളാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. അത് കേരളം പോലൊരു നവോത്ഥാന പൈതൃകമുള്ള സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും പുന്നല പറഞ്ഞു.
ശബരിമല വിധി സ്വീകരിക്കാന്‍ കേരളത്തിന്റെ പൊതുമനസ് പാകമായിട്ടില്ല. അത് രൂപപ്പെടുത്താനുള്ള ആശയസമരത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്. അത് നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും പുന്നല കൂട്ടിച്ചേര്‍ത്തു.
