
തിരുവനന്തപുരം: ക്ഷേത്രാചാരം ലംഘിച്ചുവെന്ന നിഗമനത്തെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ചു. തന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് നടപെട്ടെന്ന് അടച്ചത്. ഉടന്‍തന്നെ പരിഹാരക്രിയകള്‍ ആരംഭിച്ചു. അല്പശി ഉത്സവം നടക്കുമ്പോഴാണ് അസാധാരണമായ സംഭവം. ഇതോടെ വൈകിട്ടത്തെ ഉത്സവശീവേലി മുടങ്ങി.
രണ്ട് അന്യമതസ്ഥര്‍ കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്രത്തില്‍ കയറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടയടയ്ക്കാന്‍ തന്ത്രി സതീശന് തരണനല്ലൂര്‍ തീരുമാനമെടുത്തത്. ക്ഷേത്രത്തില്‍ പ്രവേശിക്കുക മാത്രമല്ല മൊബൈല്‍ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളില്‍ കയറി ഇവര്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയതായും കണ്ടെത്തി. ഉത്സവസമയത്താണ് ആചാരലംഘനമുണ്ടായത് എന്നതിനാല്‍ പരിഹാരക്രിയയില്‍ വിട്ടുവീഴ്ച പാടില്ലെന്നു തന്ത്രി നിര്‍ദേശിച്ചു.
ഇന്നലെ ഉച്ചവരെ സാധാരണ പോലെയാണ് പൂജകളും ദര്‍ശനവും നടന്നത്. പിന്നീടാണ് ആചാരലംഘനം നടന്നുവെന്ന് സ്ഥിരീകരിച്ച തന്ത്രി നടയടച്ചിടാനും പരിഹാരക്രിയകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയത്. ഉത്സവശീവേലിക്കായി രാജകുടുംബാംഗങ്ങളും മറ്റും വന്നശേഷമാണ് അന്തിമതീരുമാനത്തിലെത്തിയത്. വെള്ളിയാഴ്ച ഈ രണ്ടുപേര്‍ ദര്‍ശനം നടത്തിയതിനു ശേഷമുള്ള മുഴുവന്‍ പൂജകളും വീണ്ടും നടത്തിയാലേ പരിഹാരമാകൂവെന്നാണു തന്ത്രി വിധിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പൂജകളുടെ ആവര്‍ത്തനം ഇന്നലെ വൈകിട്ട് ആരംഭിച്ചത് ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. അതിനുശേഷം ശുദ്ധികലശം കൂടി കഴിഞ്ഞിട്ടേ നട തുറക്കൂ.






