
ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിപണിയായ ഒഎല്‍എക്സ് ക്യാഷ് മൈ കാര്‍ എന്ന പേരില്‍ ഷോറൂമുകള്‍ തുടങ്ങുന്നു. വാഹന വിപണന രംഗത്ത് ഒഎല്‍എക്സിന്റെ സേവനം ഓണ്‍ലൈന്‍ പുറമെ ഓഫ്ലൈനിലേക്കും വ്യാപിക്കുകയാണ്. പഴയ വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് ഒഎല്‍എക്സ് ആണ്.
ഒഎല്‍എക്സ്, ഫ്രോണ്ടിയര്‍ കാര്‍ ഗ്രൂപ്പുമായി(എഫ്.സി.ജി) ചേര്‍ന്നാണ് ക്യാഷ് മൈ കാര്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയില്‍ ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഫ്രോണ്ടിയര്‍ കാര്‍ ഗ്രൂപ്പ്. 2021-ഓടെ 40 നഗരങ്ങളില്‍ 150 ഷോറൂമുകളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഒഎല്‍എക്സ് ആപ്പിലൂടെയും ക്യാഷ് മൈ കാറിലൂടെയും വാഹനങ്ങള്‍ വില്പ്പനയ്ക്കെത്തൂന്നത് വാഹനങ്ങളുടെ രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനങ്ങള്‍ എല്ലാം സൗജന്യമായിരിക്കുമെന്നും ഒ.എല്‍എക്സ് അധികൃതര്‍ പറയുന്നു. വാഹന വില്‍പ്പന സംബന്ധിച്ച ഇടപാടുകള്‍ 45 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതാണ് ക്യാഷ് മൈ കാറിന്റെ ഏറ്റവും പ്രധാന ആകർഷണം. നിലവില്‍ ഡല്‍ഹി, ഫരിദാബാദ്, നോയിഡ, ഗാസിയാബാദ്, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പുണെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലായി 27 ഒഎല്‍എക്സ് ക്യാഷ് മൈ കാര്‍ ഷോറൂമുകളാണ് തുറന്നിട്ടുള്ളത്.






