
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് (ജിഎം) ആഗോളതലത്തില്‍ ഏഴ് ഫാക്റ്ററികള്‍ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. മിഷിഗണ്‍, മെരിലാന്‍ഡ് എന്നിവിടങ്ങളിലെ ട്രാന്സ്മിഷന് ഫാക്റ്ററികളും യുഎസ്സിലെ ഡിട്രോയിറ്റ്, ഒഹായോ, കാനഡയിലെ ഒന്റാറിയോ എന്നീ അസംബ്ലി ഫസിലിറ്റികളുമാണ് നിര്‍ത്തുന്നത്.
വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള രണ്ട് ഫാക്റ്ററികളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2019 അവസാനത്തോടെ അഞ്ച് വടക്കേ അമേരിക്കന്‍ പ്ലാന്റുകള്‍ക്കും പൂട്ട് വീഴും. കൊറിയന്‍ പ്ലാന്റ് പൂട്ടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വടക്കേ അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്സിന്റെ വില്‍പ്പന കുറഞ്ഞു. സെഡാന് ടൈപ്പ് വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതാണ് ഇതിന് കാരണം. ഷെവര്‍ലെ ക്രൂസ്, ഷെവര്‍ലെ ഇംപാല, ഷെവര്‍ലെ വോള്‍ട്ട്, കാഡിലാക്ക് സിടി6, ബ്യൂയിക് ലാക്രോസ് എന്നിവയുടെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിക്കും. ഇനി സ്വന്തം എസ്യുവികളിലും ട്രക്കുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന.
ഇത് കൂടാതെ ജീവനക്കാരുടെ എണ്ണം പതിനഞ്ച് ശതമാനത്തോളം വെട്ടിക്കുറയ്ക്കാനും ജനറല്‍ മോട്ടോഴ്സ് പദ്ധതി തയ്യാറാക്കുന്നു. ഫാക്റ്ററികള്‍ അടച്ചുപൂട്ടുന്നതിലൂടെയും തൊഴിലാളികളെ പിരിച്ചുവിടുന്നതിലൂടെയും 3.5 ബില്യണ്‍ പൗണ്ട് വരുന്ന (ഏകദേശം 31,800 കോടി രൂപ) ചെലവുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഏകദേശം 18,000 ഓളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. ഇവരില്‍ 25 ശതമാനം പേര് എക്സിക്യൂട്ടീവ് ജീവനക്കാര്‍ ആയിരിക്കുമെന്ന് ജിഎം വ്യക്തമാക്കി.






