
കോട്ടയം: വൈദീകനുള്പ്പെട്ട തട്ടിപ്പ് കേസുകള്‍ സഭയ്ക്ക് തലവേദനയാകുന്നു. വടക്കന്‍ കേരളത്തിലെ പ്രമുഖ ക്രൈസ്തവസഭയുടെ കീഴിലുള്ള കാറ്റുള്ളമല സെന്റ്. മേരീസ് പള്ളി വികാരിയായിരുന്ന ജോസഫ് പാംപ്ലാനിക്കെതിരേയാണ് പരാതികള്‍ ഉയര്‍ന്നുവരുന്നത്. രത്നക്കല്ല് ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പുല്ലൂരാംപാറ സ്വദേശി എബ്രഹാം തോമസില്‍ നിന്നും 87.5 ലക്ഷം തട്ടിയെടുത്തുതും പീരുമേട്ടില്‍ ഭൂമി നല്‍കാമെന്ന് കരാര്‍ ചെയ്ത് കോടഞ്ചേരി സ്വദേശി മാളിയേക്കല്‍ സ്കറിയയില്‍ നിന്നും 80 ലക്ഷം തട്ടിയെടുത്തതുമാണ് നിലവില്‍ വൈദീകനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.
പള്ളി വികാരിയുടെ തട്ടിപ്പുകേസുകള്‍ പുറത്തുവന്നതോടെ വിശ്വാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധം രൂപം കൊണ്ടിട്ടുണ്ട്. ഇതോടെ രൂപത ഇയാളെ വൈദീക ചുമതലകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പാംപ്ലാനിക്കെതിരേ അന്വേഷണം നടക്കുന്നതിനാലാണ് അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ പറഞ്ഞിരിക്കുന്നതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്. അന്വേഷണം നേരിടാനും രൂപത പാംപ്ലാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. വിളക്കാംതോട് ഇടവകയുടെ കീഴിലുള്ള പുന്നയ്ക്കല്‍ സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ തട്ടിയെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് ഇടവകാംഗങ്ങള്‍ നല്കിയ കേസിലും ഇയാള്‍ പ്രതിയാണ്. വിളക്കാംതോട് ഇടവക വികാരിയായിരിക്കുന്ന സമയം സ്കൂള്‍ ബിഷപ്പിന്റെ കീഴിലാക്കുന്നതിനായി ഇടവകാംഗങ്ങളുടെ അനുമതി പത്രം, സ്കൂളും സ്ഥാപനവും ബിഷപ്പിന്റെ ഉടമസ്ഥതയിലാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് എന്നിവ ജോസഫ് പാംപ്ലാനി വ്യാജമായി ഉണ്ടാക്കിയെന്നാണ് പരാതി.






