
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര വൈകിയ സംഭവത്തിൽ കേരളാ ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഗുരുതരമായ അനാസ്ഥ കാരണം നാല് മണിക്കൂറിലധികം വൈകിയാണ് അദ്ദേഹത്തിന് യാത്ര തിരിക്കാനായത്.
സംഭവത്തില്‍ വിമാനക്കമ്പനിയെ പഴിചാരിയാണ് കേരള ഹൗസ് അധികൃതർ നിലവിൽ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്രാവിവരം വിമാന കമ്പനിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും എന്നാൽ ബോര്‍ഡിങ് ആരംഭിച്ച വിവരം കമ്പനി അധികൃതര്‍ തങ്ങളെ അറിയിച്ചില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ വിശദീകരണം തൃപ്തികരമാണോ എന്ന് കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ പരിശോധിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
ഡല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് 2.50 ന് കോഴിക്കോട്ടേയ്ക്ക് തിരിക്കേണ്ട വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. ഇതിനായി പൊളിറ്റ് ബ്യൂറോ യോഗം പൂർത്തിയാകുന്നതിന് മുന്നേ തന്നെ അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു. തുടർന്ന് കേരളാ ഹൗസില്‍ എത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
എന്നാൽ വിമാനത്താവളത്തിലെ ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പ്രതിപക്ഷ നേതാവിന് കൃത്യസമയത്ത് ബോർഡിങ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ല. പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പിണറായി വിജയന് വരുന്ന കാര്യം ഇന്‍ഡിഗോ എയര്‍ലൈൻസിനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. ആദ്യ വിമാനം നഷ്ടമായതിനെ തുടർന്ന് പിന്നീട് രാത്രി 7.15ന്റെ വിമാനത്തിലാണ് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ വിമാനവും 25 മിനിറ്റോളം വൈകിയാണ് സർവീസ് നടത്തിയത്.






