
സമൂഹമാധ്യമങ്ങളില്‍ ഒടിയന് സിനിമയ്ക്കെതിരെയും തനിക്കെതിരെയും വരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന്. തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്നാണ് ശ്രീകുമാര്‍ മേനോന് വ്യക്തമാക്കിയിരിക്കുന്നത്. പരസ്യങ്ങളിലൂടെ മഞ്ജുവിനെ തിരികെ എത്തിച്ചപ്പോള്‍ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണം. സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണ്. മഞ്ജു വാര്യരെ കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയ ആക്രമണത്തിന്റെ ക്ലൈമാക്സ് ആണിതെന്നും അദ്ദേഹം ആരോപിച്ചു.
ഈയിടെ ഉണ്ടായിട്ടുള്ള പ്രവണതയാണ് ഈ സോഷ്യല്‍മീഡിയ ആക്രമണം. ഇത് ഭയനാകവും നിരാശാജനകവുമാണ്. കാരണം രണ്ടുവര്‍ഷത്തെ കഷ്ടപ്പാടിനു ശേഷം റിലീസ് ചെയ്ത സിനിമ. ഈ സിനിമയുടെ ആദ്യ ഷോ തീരുന്നതിനു മുമ്പേ മോശം കമന്റുകള്‍. നാലരമണിക്ക് ഷോ തുടങ്ങിയപ്പോള്‍ നാല് നാല്പത്തിയഞ്ചിന് ക്ലൈമാക്സിനെപറ്റിയുള്ള കമന്റുകള്‍. മറ്റുള്ളവരുടെ സ്വപ്നങ്ങളും അധ്വാനവും മാത്രമല്ല മലയാള ഇന്‍ഡസ്ട്രിയെ തന്നെ തകര്‍ക്കുകയാണ് ഇക്കൂട്ടര്‍. ഒടിയനെതിരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയ്ക്കു കിട്ടിയ സ്വീകാര്യതയും ഹൈപ്പും പലരെയും അസ്വസ്ഥരാക്കി കാണാം. മലയാളസിനിമയുടെ ഈ ദുരന്തത്തിന് കാരണം ഇത്തരക്കാരാണ്. ആളുകള്‍ കണക്കുതീര്‍ക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കുവാനും സിനിമയെ ഉപയോഗിക്കുമ്പോള്‍ തകരുന്നത് സിനിമാ ഇന്‍ഡസ്ട്രിയാണെന്ന് ശ്രീകുമാര്‍ പറഞ്ഞു.
28 വര്‍ഷമായി പരസ്യമേഖലയില്‍ ഉള്ള ആളാണ് ഞാന്‍. ഐശ്വര്യ റായി പോലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി. മഞ്ജുവിന്റെ ബ്രാന്‍ഡ് കൈകാര്യം ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തുന്നു. ഒരുപാട് നടിനടന്മാരുടെ ടാലന്റുകള്‍ മാനേജ് ചെയ്യുന്ന ഡിവിഷന് എന്റെ കമ്പനിക്കുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ പ്രഫഷനലായ പിന്തുണ നല്‍കുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്ന നടിക്കുമുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാന്‍ അപ്പോള്‍ മഞ്ജുവില്‍ കണ്ടത് 'മഞ്ജു എന്ന ബ്രാന്‍ഡ്' ആണ്.
പരസ്യമേഖലയില്‍ ചെയ്യുന്നതുപോലെ തന്നെയാണ് ഇവിടെയും ഞാന്‍ ജോലി ചെയ്തത്. അതൊരു വ്യക്തിക്ക് ആകുമ്പോള്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായേക്കാം. അതുകൂടി ഇതിന്റെ ഭാഗമാണെന്ന് അറിയാമായിരുന്നു. മഞ്ജു വാര്യര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേല്‍വരുമെന്നും എനിക്ക് ഉറപ്പായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്ക് ഞാന്‍ ഏറ്റെടുത്തത്. ഒടിയന് സിനിമയെ തകര്‍ക്കാനായി പി.ആര് ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ആരാധകര്‍ പോലും അവരുടെ കെണിയില്‍ വീണു. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ മഞ്ജു പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.






