
ന്യുഡല്‍ഹി: രാജ്യത്തെ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യസുരക്ഷയുടെ ഭാഗമായി പത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പൗരന്മാരുടെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും അടക്കമുള്ളവയിലേക്ക് നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഐ.ടി ആക്ടിലെ 69 (1) സെക്ഷന്‍ പ്രകാരമാണ് ഈ ഉത്തരവെന്ന് സര്‍ക്കുലറില്‍ പറയുന്നു.
വിവരങ്ങള്‍ കൈമാറുകയും ശേഖരിക്കുകയും ചെയ്യുന്ന ഏതൊരു കമ്പ്യുട്ടറും ഉപകരണവും പിടിച്ചെടുക്കാനും നിരീക്ഷിക്കാനും ഡേറ്റകള്‍ കണ്ടെടുക്കാനും അനുമതി നല്‍കുന്നതാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യാഴാഴ്ച ഒപ്പുവച്ചിരിക്കുന്നത്.
ഇന്റലിജന്‍സ് ബ്യുറോ, നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ), കാബിനറ്റ് സെക്രട്ടറിയേറ്റ് (റോ), ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, ആസം എന്നിവിടങ്ങളില്‍ മാത്രം), ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിങ്ങനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഏജന്‍സികള്‍ക്കാണ് അധികാരം നല്‍കിയിരിക്കുന്നത്.






