2015ല്‍ ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച ചിത്രമായിരുന്നു. മാരി എന്ന റൗഡിയായുള്ള ധനുഷിന്റെ നായകവേഷം ബാലാജി മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങിയപ്പോള്‍ അത് തമിഴ് സിനിമാലോകത്തിനപ്പുറം തെന്നിന്ത്യതന്നെ ആഘോഷമാക്കി. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ധനുഷ്ബാലാജി മോഹന്‍ കൂട്ടുകെട്ട് മാരിയുടെ രണ്ടാം ഭാഗവുമായി എത്തുമ്പോഴും ആരാധകരുടെ പ്രതീക്ഷ ഒട്ടും തെറ്റിക്കാത്ത മാസ് മസാല ചിത്രം തന്നെയാണ് മാരി 2.
മാരി 2ല്‍ നായകന് പോന്ന വില്ലനായി ടൊവിനോ എത്തിയത് മലയാളി പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരമായി. മാരിക്കൊത്ത മാസ് വില്ലന്‍ തന്നെയാണ് ടൊവിനോയുടെ ഗംഗാധാര് ബീജ എന്ന വില്ലന്‍ കഥാപാത്രം. ചില സീനുകളില്‍ ധനുഷിനെ കടത്തിവെട്ടുന്നുണ്ട് ടൊവിനോ. ആദ്യഭാഗത്തിലെ വില്ലന്‍ വിജയ് യേശുദാസും നായിക കാജല്‍ അഗര്‍വാളും ആയിരുന്നു. രണ്ടാം ഭാഗത്തില്‍ സായി പല്ലവിയാണ് നായിക. സ്വാഭാവികമായ അഭിനയത്തിലൂടെ സായി പല്ലവി കൈയടി നേടുന്നു.
മുണ്ടുടുത്ത, മീശപിരിക്കുന്ന മാരി എന്ന റൗഡിയോട് മുട്ടാന്‍ എല്ലാവര്ക്കും ഭയമാണ്. വെട്ടും, കുത്തും, കള്ളക്കടത്തും എല്ലാമുണ്ടെങ്കിലും പ്രാവുകള്‍ അവന്റെ ചങ്ങാതിമാരാണ്. ധാരാളം ശത്രുക്കളാണ് മാരിയുടെ പിന്നിലുള്ളത്. ആരൊക്കെ എന്തൊക്കെ ആക്രമണം തനിക്കെതിരെ നടത്തിയാലും ആര്‍ക്കും മുന്നില്‍ മുട്ടുമടക്കില്ലെന്ന ഉറച്ച മനസാണ് മാരിക്ക്. നൂറാം തവണ ശത്രുക്കളില്‍നിന്ന് രക്ഷപ്പെട്ടത് കേക്ക് മുറിച്ചാണ് മാരി
ആഘോഷിക്കുന്നത്. എന്നാല്‍ മരണത്തെ ആരാധിക്കുന്ന ബീജയാകട്ടെ മാരിയെ എങ്ങനെയെങ്കിലും കൊലപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് ജീവിക്കുന്നത്. മാരിയെ കൊല്ലാനായി ബീജ ചെന്നൈയില്‍ എത്തുന്നത്.
ഒരു തട്ടുപൊളിപ്പന്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള ചിത്രമാണ് മാരി 2. ആക്ഷനും മാസ് ഡയലോഗുകള്‍ക്കും പുറമെ പ്രണയത്തിനും സൗഹൃദബന്ധത്തിനും മാരി 2ല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ കഥാഗതി മാറ്റുന്നത് ഓട്ടോ െ്രെഡവറായ ആനന്ദിയും ആദ്യ ഭാഗത്തില്‍ ഷണ്മുഖരാജന് അവതരിപ്പിച്ച വേലു അണ്ണയുടെ മകനായ കാലൈയുമാണ്.
ആദ്യ ഭാഗത്തിലേത് പോലെ തന്നെ ധനുഷിന്റെ മാസ് പെര്‍ഫോര്‍മന്‍സ് തന്നെയാണ് ചിത്രത്തിന്റെ ശ്രദ്ധാ കേന്ദ്രം. ക്ലൈമാക്സ് ഫൈറ്റ് സീന്‍ ആവേശം ചോരാതെ തന്നെ എടുത്തിട്ടുണ്ട്. മാരിയായി ധനുഷ് തകര്‍ക്കുമ്പോള്‍ അതിനപ്പുറമുള്ള മാസ് പെര്‍ഫോമന്‍സാണ് ടൊവിനോ കാഴ്ച വെച്ചിരിക്കുന്നത് എന്ന് തന്നെ പറയാം. നായകനായ ടൊവിനോ ഒരു വില്ലന്‍ വേഷം എന്തിന് തിരഞ്ഞെടുത്തു എന്നതിന്റെ ഉത്തരം ആ കഥാപാത്രത്തിന്റെ പ്രകടനത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് മനസിലാകും.വരലക്ഷ്മി ശരത് കുമാര്‍ വിജയ ചാമുണ്ടേശ്വരി എന്ന ഐ.എ.എസ്. ഓഫീസര്‍ ആയി എത്തുന്നു.
മാരിയുടെ രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ ഏറ്റവും അധികം മിസ് ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം തന്നെയാണ്. മാരി എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ പതിഞ്ഞ ഒരു പശ്ചാത്തല സംഗീതമുണ്ട്. രണ്ടാം ഭാഗത്തില്‍ അതാണ് പ്രേക്ഷകരുടെ ഒരു നഷ്ടം. യുവന് ശങ്കര്‍ രാജയാണ് സംഗീതം. മോശമല്ലെന്നുമാത്രം. പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ പറ്റുന്ന മാസ് ചിത്രം തന്നെയാണ് മാരി 2.