ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെക്കുറിച്ചുള്ള ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ വ്യാപകമായി പ്രചരിപ്പിച്ച് ബി.ജെ.പി. കോണ്‍ഗ്രസിനെയും മന്മോഹന് സിംഗിനെയും പരിഹസിക്കുന്ന ചിത്രം ബി.ജെ.പിയുടെ പ്രചരണായുധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തു. ഇതിന് പുറമെ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ട്രെയിലര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
അതിനിടെ ബി.ജെ.പിയുടെ നിലപാട് ന്യായീകരിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് രംഗത്ത് വന്നു. ബി.ജെ.പിക്ക് ഒരു സിനിമയുടെ ട്രെയിലര്‍ പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമില്ലേയെന്ന് റാത്തോഡ് ചോദിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കൃറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത് എന്തിനാണെന്നും റാത്തോഡ് ചോദിച്ചു.
അനുപം ഖേര്‍ മന്മോഹന് സിംഗിനെ അവതരിപ്പിക്കുന്ന ചിത്രമാണ് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. മന്മോഹന് സിംഗിന്റെ ഉപദേശകനായിരുന്ന സഞ്ജയ് ബാറു എഴുതിയ പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍.
രാജ്യം എങ്ങനെയാണ് 10 വര്‍ഷം ബന്ദിയാക്കി നിര്‍ത്തപ്പെട്ടത് എന്നതിന്റെ അത്ഭുതപ്പെടുത്തുന്ന കഥയാണിത്. ഗാന്ധി കുടുംബത്തിലെ അന്തരാവകാശി അധികാരം ഏറ്റെടുക്കാന്‍ തയ്യാറാകുന്നത് വരെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നോ മന്മോഹന് സിംഗ്. അകത്തളങ്ങളില്‍ നിന്നുള്ള വിവരങ്ങളുമായി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ജനവുരി 11ന് റിലീസാകും എന്ന കുറിപ്പോടെയാണ് ബി.ജെ.പി ട്രെയിലര്‍ ഷെയര്‍ ചെയ്തത്.






