
മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ സ്മാര്‍ട് ടിവികൾക്കും വില കുത്തനെ കുറച്ചു. ഷവോമിയുടെ രണ്ടു മോഡൽ എംഐ ടിവികളുടെ വിലയാണ് കുറച്ചത്. രാജ്യത്തെ ജിഎസ്ടി നിരക്കിൽ മാറ്റം വന്നതോടെയാണ് സ്മാർട് ടിവി വില കുറക്കാൻ കാരണം.
സ്മാർട് ടിവികൾക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനം കുറച്ചതോടെയാണ് ഷവോമിയും വില കുറച്ചത്. 2000 രൂപ വരെയാണ് എംഐ എൽഇഡി സ്മാർട് ടിവി 4എ 32, എംഐ എൽഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകൾക്ക് കുറച്ചത്. എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ്. 2018 മാർച്ചിലാണ് ഷവോമി ടിവികൾ അവതരിപ്പിക്കുന്നത്. തുടർന്ന് രണ്ടാമത്തെ മോഡൽ അവതരിപ്പിച്ചത് സെപ്റ്റംബറിലും.
പുതുക്കിയ നിരക്കിലുള്ള ടിവികൾ എംഐ ഡോട് കോം, ഫ്ലിപ്കാർട്ട്, ഓഫ്ലൈന് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നു വാങ്ങാം. നിലവിൽ ചൈനയിൽ നിന്ന് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നതിന് 20 ശതമാനം ഇറക്കുമതി തീരുവ നൽകണം. കൂടാതെ, രണ്ടര ശതമാനം അധിക നികുതിയും നൽകേണ്ടതുണ്ട്. സ്മാർട് ടെലിവിഷനുകൾ ഇന്ത്യയിൽ തന്നെ നിർമിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കാനാണ് ഷവോമിയുടെ നീക്കം. ഇന്ത്യയിൽ നിർമിക്കുന്നതോടെ ഇറക്കുമതി തീരുവ ഒഴിവാകും.






