
അഹമ്മദ്നഗര്‍/മുംബൈ: അഴിമതി വിരുദ്ധ സമിതിയായ ലോക്പാല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ അന്നാ ഹസാരെ നടത്തി വരുന്ന അനിശ്ചിതകാല ഉപവാസ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. അഴിമതി കേസുകളെ സര്‍ക്കാര്‍ സാധാരണ നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഹസാരെയുമായി ഇന്നലെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
ജനുവരി 30 മുതലാണ് അഹമെദ്നഗറിലെ റലേഗണ്‍ സിദ്ധിയില്‍ ഹസാരെ നിരവാഹാരമിരിക്കുന്നത്. കേന്ദ്ര മന്ത്രി സുഭാഷ് ബാംമ്രെയും മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജനുമാണ് ഇന്നലെ ഹസാരെയുമായി ചര്‍ച്ച നടത്തിയത്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അഴിമതി വിരുദ്ധ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമാണ് 81കാരനായ ഹസാരെയുടെ ആവശ്യം. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ഇദ്ദേഹത്തിന്റെ ശരീരഭാരം 4.25 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്.
2014ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ പിന്നീട് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ മറന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി. ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കിയ കേന്ദ്രസര്‍ക്കാര്‍ അതിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹസാരെ സമരത്തില്‍ നിന്ന് പിന്മാറണമെന്നും വരും ദിവസങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചുവെങ്കിലും സമരം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഹസാരെയുമായി ഇന്നും കൂടിക്കാഴ്ച നടത്തുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്.






