
തിരുവനന്തപുരം: പാകിസ്താനുമായി ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിടണമെന്ന് വ്യക്തമാക്കിയ മുതിർന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയുടെ പരാമർശങ്ങളെ പിന്തുണച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഹൊസബാളെ അയൽരാജ്യത്തെ ജനങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ എന്ന രാജ്യത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെയായിരിക്കും ആർഎസ്എസ് പിന്തുണയ്ക്കുകയെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ വിഭജനം തെറ്റായിരുന്നു എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകൾ പാകിസ്താനിലുണ്ടെന്നും അവിടുത്തെ പല മാധ്യമപ്രവർത്തകരും ആർഎസ്എസിനെയും അതിന്റെ പ്രവർത്തനങ്ങളെയും പ്രശംസിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഭാരതത്തിന്റെ വിഭജനം തെറ്റായിരുന്നു എന്ന് കരുതുന്ന ഒരു വിഭാഗം ജനങ്ങൾ പാകിസ്താനിലുണ്ട്. അവിടെ പാകിസ്താൻ വിരുദ്ധതയുടെയും ദ്വിരാഷ്ട്ര വാദത്തിന് എതിരെയുമുള്ള ഒരു ശക്തമായ അടിയൊഴുക്കുണ്ട്. ഒരുമിച്ച് ജീവിക്കുന്നതായിരുന്നു കൂടുതൽ നല്ലതെന്ന് അവർ പറയുന്നുണ്ട്.", മോഹൻ ഭാഗവത്പറഞ്ഞു.
ഭാവിയിൽ ഇന്ത്യക്ക് പാകിസ്താനെ പൂർണ്ണമായി പരാജയപ്പെടുത്തേണ്ടി വന്നാൽ, അവിടുത്തെ ജനങ്ങളെ ഒന്നുകിൽ ഇന്ത്യയുടെ ഭാഗമാക്കേണ്ടി വരും, അല്ലെങ്കിൽ അവർക്ക് സ്വന്തം രാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ കഴിയണം. അതിനായി ചർച്ചകളുടെ വാതിലുകൾ എപ്പോഴും തുറന്നിടേണ്ടതുണ്ടെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. "നമ്മൾ ഹിറ്റ്ലറെപ്പോലെയല്ല. അത് നമ്മുടെ സ്വഭാവമോ രീതിയോ അല്ല. അതുകൊണ്ട് നമ്മൾ ചില വാതിലുകൾ തുറന്നിടേണ്ടതുണ്ട്. അനീതിയെയും സ്വേച്ഛാധിപത്യത്തെയും നമ്മൾ ഉന്മൂലനം ചെയ്യണം, അതേസമയം നല്ലതിനെ സംരക്ഷിക്കുകയും വേണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും രാജ്യവുമായുള്ള വിദേശനയത്തിന്റെ കാര്യത്തിൽ ആർഎസ്എസിന് സ്വന്തമായി പ്രത്യേക നിലപാടുകളില്ലെന്നും കേന്ദ്ര സർക്കാർ നയത്തിനൊപ്പമാണ് സംഘടനയെന്നും ഭാഗവത് വ്യക്തമാക്കി. പാകിസ്താൻ നടത്തുന്ന ഭീകരവാദ സ്പോൺസർഷിപ്പിനെ ഇന്ത്യ എങ്ങനെ നേരിടണം എന്ന ചോദ്യത്തിന് മറുപടിയായാണ് ഹൊസബാളെ ചർച്ചകളുടെ വാതിൽ അടയ്ക്കരുതെന്ന് ആവശ്യപ്പെട്ടത്.






