
അടുക്കളജോലിക്കിടയില്‍ പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ വലിയ പൊള്ളലുകളെ നിസാരമായി കാണരുത്. കൃത്യ സമയത്ത് ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്.
പൊള്ളലേറ്റാല്‍ നീറ്റലും വേദനയും കുറയ്ക്കാനായി പൊള്ളലേറ്റ ഭാഗം ശുദ്ധജലം കൊണ്ട് നന്നായി കഴുകണം. വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തുണിയുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇളക്കി മാറ്റരുത്.
മഷിയോ എണ്ണയോ ഒന്നും പുരട്ടുകയുമരുത്. കുമിളകള്‍ ഉണ്ടായാല്‍ പൊട്ടിച്ചു കളയേണ്ട കാര്യമില്ല. പൊള്ളലുണ്ടായ ഭാഗത്ത് ആന്റി സെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്. പൊള്ളലുകള്‍ നിസാരമായി തള്ളാതെ വൈദ്യ സഹായം തേടണം.
മാവ്, ബേക്കിംഗ് സോഡ, വെണ്ണ എന്നിവ പുരട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓയിന്മെന്റും ലോഷനും വിദഗ്ദ്ധരുടെ നിര്‍ദ്ദേശം ഇല്ലാതെ പുരട്ടുന്നത് വലിയ അപകടം ആയിരിക്കും. പൊള്ളച്ചിട്ടുണ്ടെങ്കില് പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. പൊള്ളിയ ഭാഗത്ത് പരമാവധി തൊടാതിരിക്കാന്‍ ശ്രദ്ധിക്കുകകൂടി വേണം.
ശരീരത്തില്‍ തുണിയോ മറ്റോ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് ഇളക്കി മാറ്റരുത്. തുണി ഉരുകി തൊലിയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകാനാണ് സാധ്യത അതുകൊണ്ട് തന്നെ വലിച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍ തൊലി പൊളിയുകയും വേദന ഉണ്ടാവുകയും കൂടാതെ ആ മുറിവില്‍ അണു ബാധയ്ക്ക് കാരണമാവുകയും ചെയ്യും.
ചികിത്സ
ചില പൊള്ളലുകള്‍ ഒഴികെ മറ്റു പൊള്ളലുകള്‍ക്ക് ഒരേ ചികില്‍സ തന്നെയാണ്. ആദ്യം തന്നെ പൊള്ളലിന്റെ ആഴം മനസ്സിലാക്കുക.
ചെറിയൊരു പൊള്ളല്‍ ആണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല, മറ്റു പൊള്ളലുകള്‍ അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയും ആണ്. അങ്ങനെയുള്ള പൊള്ളലുകള്‍ സംഭവിക്കുന്നത് പൊതുവേ വലിയ തീ പിടുത്തങ്ങളോ വാഹനാപകടങ്ങളോ ഉണ്ടാകുമ്പോഴാണ്.
ആ സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ഉത്തരവാദിത്തം കൂടുന്നു. അപകടത്തില്‍ പ്പെട്ട ആള്‍ക്ക് ആഘാതവും പേടിയും ഉണ്ടാകുന്നത് കൊണ്ട് ആദ്യം തന്നെ ആളെ സാന്ത്വനിപ്പിക്കുകയും ധൈര്യം കൊടുക്കുകയും ആണ് ചെയ്യേണ്ടത്.






