
കോയമ്പത്തൂര്‍: പാക്കിസ്ഥാന്റെ പിടിയിലായ ശേഷം വിട്ടയക്കപ്പെട്ട അഭിനന്ദന് വര്ധമാന് വീണ്ടും വിമാനം പറത്തുന്നത് വൈദ്യപരിശോധനയ്ക്ക് ശേഷമെന്ന് വ്യോമസേനയുടെ എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിംഗ് ധനോവ. അഭിനന്ദന് വൈദ്യപരിശോധനകള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണെന്നും പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഫിറ്റ്നസിന് അനുസൃതമായി വീണ്ടും വിമാനം പറത്തുന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും ധനോവ പറഞ്ഞു.
സുലൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനോവ. അഭിനന്ദന് എന്തെല്ലാം ചികിത്സകള്‍ ആവശ്യമാണോ അതെല്ലാം വ്യോമസേന നല്‍കും. തുടര്‍ന്ന് മെഡിക്കല്‍ ഫിന്നസ് നേടിക്കഴിഞ്ഞാല്‍ അദ്ദേഹം കോക്പിറ്റിലേക്ക് മടങ്ങി വരും. ഫൈറ്റര്‍ ജെറ്റ് പറത്തുന്നവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് ഏറ്റവും അനിവാര്യമാണെന്നും ധനോവ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ അഭിനന്ദന് വര്‍ധമാനെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകാതെ തന്നെ വിമാനം പറത്തിത്തുടങ്ങാന് അഭിനന്ദന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.






