സ്ഥിര ദന്തങ്ങള്‍ ശരിയായ സ്ഥാനത്ത് മുളയ്ക്കുന്നതിനും പാല്‍പ്പല്ലുകളുടെ ആരോഗ്യം പ്രധാനം തന്നെ. കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
ആരോഗ്യകരമായ ശീലങ്ങള്‍
ജനിച്ച് ഏതാനും ദിവസം കഴിയുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ വായ വൃത്തിയാക്കി തുടങ്ങണം. കുഞ്ഞിന്റെ മോണ മൃദുവായ തുണി അല്ലെങ്കില്‍ ഗേസ് പാഡ് ഉപയോഗിച്ച് തുടച്ചെടുക്കുക
യാണ് വേണ്ടത്. പല്ലു മുളച്ച ശേഷം ദിവസം രണ്ട് നേരം കുട്ടികള്‍ക്കായുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കണം. ഇതിനായി ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത്.
സുന്ദരമായ സ്ഥിര ദന്തങ്ങള്‍ വരാന്‍ പാല്‍പ്പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കണം. പല്ലു മുളയ്ക്കുന്ന സമയത്ത് കുട്ടികളില്‍ കാണുന്ന വിരല്‍കുടി, പല്ലിറുമ്മല്‍, നാവു തള്ളല്‍ എന്നീ ശീലങ്ങളും പല്ലിന്റെ സൗന്ദര്യത്തെ ബാധിയ്ക്കാം.
ഉറങ്ങുമ്പോള്‍ പാല്‍ക്കുപ്പി വേണ്ട
കുട്ടികള്‍ വായില്‍ പാല്‍ക്കുപ്പിയുമായി ഉറങ്ങാന്‍ അനുവദിക്കരുത്. കുപ്പിയില്‍ പാല്, ജ്യൂസ് അല്ലെങ്കില്‍ അതുപോലെയുള്ള എന്തുമാവട്ടെ, ഉറങ്ങുന്ന സമയത്ത് അത് പല്ലില്‍ ഒരു ആവരണമായി രൂപപ്പെടാനും പല്ലിനെ ആക്രമിക്കുന്ന ബാക്ടീരിയകള്‍ പെരുകാനും കാരണമാവും.
കൃത്രിമ നിപ്പിളുകള്‍ വേണ്ട
കുഞ്ഞിന് 612 മാസം പ്രായമാവുമ്പോഴേക്കും കൃത്രിമ നിപ്പിളുകള്‍ ഒഴിവാക്കുക. ഇതിന്റെ ഉപയോഗം പല്ലുകള്‍ ക്രമംതെറ്റി വളരാന്‍ ഇടയാക്കും.
പഴച്ചാര്‍ നിയന്ത്രിത അളവില്‍
കുട്ടിക്ക് ഒരു ദിവസം 100120 മില്ലി ലിറ്ററില്‍ അധികം പഴച്ചാര്‍ നല്‍കരുത്. കൂടുതല്‍ പഴച്ചാര്‍ നല്‍കുന്നത് പല്ലിന്റെ ഇനാമല്‍ നശിക്കാന്‍ ഇടവരുത്തും. മുലപ്പാല്‍ നല്‍കുന്നതിന് അനുബന്ധമായി വേണം പഴച്ചാറുകള്‍ നല്‍കേണ്ടത്.
മരുന്നുകള്‍
ആന്റിബയോട്ടിക്കുകളും ചില ആസ്ത്മ മരുന്നുകളും വായയില്‍ ഫംഗസ് അണുബാധയ്ക്ക് (ഓറല്‍ ത്രഷ്) കാരണമാകാം. നാക്കിലോ വായ്ക്ക് ഉള്ളിലോ പാല്‍പ്പാട പോലെയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. കുഞ്ഞുങ്ങള്‍ ദീര്‍ഘകാലത്തേക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ പല്ല് ശുചിയാക്കേണ്ട ഇടവേളകളെ കുറിച്ച് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതാണ് ഉചിതം.
പരിശോധന
ഒരു വയസ്സ് തികയുമ്പോഴേക്കും കുഞ്ഞിനെ ഒരു ദന്തരോഗ വിദഗ്ധനെ കാണിക്കണം. നേരത്തെ തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ദീര്‍ഘകാലത്തേക്ക് കുഞ്ഞിന്റെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല, പണവും സമയവും ലാഭിക്കാനും സഹായകമാവും.
എപ്പോള്‍ പല്ല് തേപ്പിക്കണം
പല്ല് മുളച്ചു കഴിഞ്ഞാല്‍ ഫിംഗര്‍ ബ്രഷ് കൊണ്ട് നിത്യവും പല്ല് തേപ്പിക്കാം. കുട്ടിക്ക് തുപ്പാന്‍ കഴിവാകുന്നതോടെ പേസ്റ്റ് ഉപയോഗിച്ച് തുടങ്ങാം. പേസ്റ്റ് കുട്ടി വിഴുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ കുറച്ച് പേസ്റ്റ് മാത്രമേ ഉപയോഗിക്കാവൂ. പ്രായത്തിനനുസരിച്ച് ബ്രഷ് വാങ്ങാനും ശ്രദ്ധിക്കണം.
ബ്രഷ് ചെയ്യേണ്ട രീതി
ടൂത്ത് ബ്രഷ് മോണയും പല്ലും ചേരുന്ന ഭാഗത്ത് അല്പം ചരിച്ചു പിടിക്കുക. മോണയില്‍ നിന്നും പല്ലിലേക്കു ബ്രഷ് ചെയ്യുക. പല്ലുകളുടെ അകഭാഗവും പുറംഭാഗവും ഇതുപോലെ ബ്രഷ് ചെയ്യണം. ബ്രഷ് ഉപയോഗിച്ചു തന്നെ നാവും വൃത്തിയാക്കുക. മൂന്നു മാസത്തിലൊരിക്കല്‍ ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്.