
ന്യൂഡല്‍ഹി: വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന ഭീഷണിയുമായി ബിജെപി ഉന്നാവോ സ്ഥാനാര്‍ത്ഥി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ലോക്സഭാ മണ്ഡലത്തില്‍ വെള്ളിയാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
'സന്യാസിയായ ഞാന്‍ വീടുകളില്‍ എത്തി നിങ്ങളോട് ഭിക്ഷ ചോദിക്കുകയാണ്, നിങ്ങളോട് അഭ്യര്‍ത്ഥിക്കും. ആ സന്യാസിയൂടെ അപേക്ഷ നിങ്ങള്‍ ചെവിക്കൊണ്ടില്ലെങ്കില്‍, അയാള്‍ ശാപം ചൊരിഞ്ഞ് നടന്നകലും..' തിരഞ്ഞെടുപ്പ് യോഗത്തിനിടെ സാക്ഷിയുടെ വിവാദപരമായ പരാമര്‍ശം ഇതായിരുന്നു. 2014 ല്‍ ഉന്നാവോയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് സാക്ഷി മഹാരാജ് ജയിച്ചത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉന്നാവോയില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് പാര്‍ട്ടിയോട് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. തനിക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സാക്ഷി മഹാരാജ് ഭീഷണി ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കാന്‍ സാക്ഷി മഹാരാജ് ആഹ്വാനം ചെയ്തത് വന്‍ വിവാദമായിരുന്നു. മസ്ജിദിലെ ഗോവണിപ്പടിക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും സാക്ഷി പറഞ്ഞിരുന്നു. മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് മൂവായിരം പള്ളികള്‍ നിര്‍മ്മിച്ചതെന്നും, ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയാണ് മുഗള്‍ രാജാക്കന്മാര് ഭരണം നടത്തിയിരുന്നതെന്നും സാക്ഷി ആരോപണം ഉയര്‍ത്തിയിരുന്നു. ഉന്നാവോയിലെ പൊതു റാലിക്കിടെയാണ് സാക്ഷി നേരത്തെ വിവാദ പരാമര്‍ശം നടത്തിയത്.
രാജ്യത്ത് മോഡി സുനാമി ആഞ്ഞടിക്കുകയാണ്. അതിനാല്‍ മോഡി അധികാരത്തിലെത്തിയാല്‍ 2024 ല്‍ രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന സാക്ഷി കഴിഞ്ഞ മാസം നടത്തിയ പരാമര്‍ശവും വന്‍ വിവാദമായിരുന്നു.






