ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടാം മന്ത്രിസഭയില്‍ നിര്‍മ്മല സീതാരാമന് ധനമന്ത്രി സ്ഥാനം. മോഡിയുടെ ഒന്നാം മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പിന്റെ നിര്‍ണായക ചുമതല ഉണ്ടായിരുന്ന മന്ത്രിയാണ് നിര്‍മ്മല സീതാരാമന്. രണ്ടാം വരവിലും നിര്‍മ്മലയ്ക്ക് നിര്‍ണായക വകുപ്പ് തന്നെ മോഡി നല്കി. ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മ്മല സീതാരാമന്.
പ്രതിരോധ മന്ത്രിയായപ്പോഴും ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ മന്ത്രിയാകുന്ന വനിത എന്ന വിശേഷം നിര്‍മ്മല സീതരാമന് സ്വന്തമാക്കിയിരുന്നു. 1960 ജൂലൈ മുതല്‍ 1970 ജൂണ്‍ വരെയാണ് ഇന്ദിരാ ഗാന്ധി ധനമന്ത്രി സ്ഥാനം വഹിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ ഉപദേശകനായി ആന്ധ്ര ഗവണ്മെന്റില് ക്യാബിനറ്റ് പദവി വഹിച്ചിരുന്ന പ്രകാല പ്രഭാകറാണ് ഭര്‍ത്താവ്.
1959 ഓഗസ്റ്റ് 18ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് നിര്‍മ്മല ജനിച്ചത്. പിതാവ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജില്‍ നിന്ന് എക്കണോമിക്സില്‍ ബിരുദം നേടിയ നിര്‍മ്മല സീതാരാമന് ഡല്‍ഹി ജെ.എന്‍.യുവില്‍ നിന്ന് എക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടി.
2006ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന നിര്‍മ്മല 2010 ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവില്‍ അംഗമാവുകയും ദേശീയ വക്താവ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. 2014ല്‍ മോഡി മന്ത്രിസഭയില്‍ സഹമന്ത്രിയായി, 2017ല്‍ പ്രതിരോധ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രിയായി.






