
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് സാമ്പത്തിക സഹായം, അഴിമതിക്കെതിരെ കർശന നടപടിയും ജയിൽ ശിക്ഷയും, ആറുമാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കൽ, നുഴഞ്ഞുകയറ്റത്തിനെതിരെ കടുത്ത നിലപാട് എന്നിവയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച പുറത്തിറക്കിയ 'സങ്കൽപ് പത്ര'യിലെ പ്രധാന വാഗ്ദാനങ്ങൾ. ബംഗാളിലെ എല്ലാ വിഭാഗം ജനങ്ങളെയും നിരാശയിൽ നിന്ന് മോചിപ്പിക്കാനുള്ള പാതയും പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരതം എന്ന കാഴ്ചപ്പാടുമായി ചേർന്നുനിൽക്കുനതുമാണ് പ്രകടന പത്രികയെന്ന് അമിത് ഷാ പറഞ്ഞു.
ബംഗാളിലെ എല്ലാ വിഭാഗങ്ങളിലും നിലനിൽക്കുന്ന ആഴത്തിലുള്ള നിരാശയെ മറികടക്കാനുള്ള വഴിയാണ് ഈ പ്രകടനപത്രിക നൽകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. വിളനാശം മൂലം അനിശ്ചിതത്വം നേരിടുന്ന കർഷകർക്കും, തൊഴിലില്ലാത്ത യുവാക്കൾക്കും, ഭയപ്പാടോടെ കഴിയുന്ന സ്ത്രീകൾക്കും ഇത് പുതിയ ദിശാബോധം നൽകുന്നു. ബംഗാളിന്റെ സംസ്‌കാരത്തെയും അഭിമാനത്തെയും കുറിച്ച് ആശങ്കയുള്ള ഓരോ പൗരനും പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും ഇത് പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷ ഉറപ്പാക്കാൻ നുഴഞ്ഞുകയറ്റത്തിനെതിരെ കർശന നടപടി.
കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിലെ അഴിമതിയും ക്രമസമാധാന തകർച്ചയും തുറന്നുകാട്ടുന്ന ധവളപത്രം പുറത്തിറക്കും.
സിൻഡിക്കേറ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും "കട്ട് മണി"(Cut Money) സംസ്കാരം ഇല്ലാതാക്കുകയും ചെയ്യും.
എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ (ക്ഷാമബത്ത) ഉറപ്പാക്കുകയും ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുകയും ചെയ്യും.
അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും; തൊഴിലില്ലാത്ത ഓരോ യുവാവിനും 3,000 രൂപ ധനസഹായം നൽകും.
സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി വനിതാ പോലീസ് ബറ്റാലിയനുകൾ, ദുർഗ്ഗ സുരക്ഷാ സ്ക്വാഡുകൾ എന്നിവ രൂപീകരിക്കും; സംസ്ഥാന സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തും.
സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം നൽകും.
കുർമാലി, രാജ്ബംഷി ഭാഷകളെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തും.
നെല്ല്, ഉരുളക്കിഴങ്ങ്, മാമ്പഴം എന്നിവയുടെ കൃഷിക്ക് പ്രത്യേക പിന്തുണ നൽകും.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നിയമനിർമ്മാണം നടത്തും; കന്നുകാലി കടത്ത് തടയാൻ കർശന നിയമം കൊണ്ടുവരും.






