
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെയാണെന്ന് പ്രകാശ് തമ്പിയുടെ മൊഴി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡ് തടവുകാരനായ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലില്‍ എത്തിയാണ് മൊഴിയെടുത്തത്. രാവിലെ 11നണ് മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് നാലു മണിവരെ തുടര്‍ന്നു.
അര്ജുന് ആണ് വാഹനമോടിച്ചതെന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ബാലഭാസ്കര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് പ്രകാശ് തമ്പി മൊഴി നല്‍കിയെന്നാണ് സൂചന. എന്നാല്‍ അര്ജുന് മൊഴിമാറ്റി പറഞ്ഞശേഷം ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. തന്നെ അര്ജുന് തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതോടെയാണ് കൊല്ലത്തെ ജ്യുസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. മൂന്നു മാസമായി അര്‍ജുനുമായി യാതൊരുവിധ ബന്ധവുമില്ല.
ബാലഭാസ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. സാമ്പത്തിക ഇടപാടുകളുമില്ല. രണ്ടു തവണ മാത്രമാണ് ബാലഭാസ്കറിനൊപ്പം ദുബായില്‍ പരിപാടിക്ക് താന്‍ പോയിരുന്നു. പരിപാടി കഴിയുമ്പോള്‍ തനിക്കുള്ള പ്രതിഫലവും നല്‍കിയിരുന്നുവെന്നും പ്രകാശ് തമ്പി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ബാലഭാസ്കറുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ താന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണവും പ്രകാശ് തമ്പി തള്ളിക്കളഞ്ഞു. ബാലഭാക്സറുടെ മരണശേഷം ക്രെഡിറ്റ് കാര്‍ഡുകള്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൈമാറിയിരുന്നുവെന്നും അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന് സൂചനയുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജലിലിലെത്തി പ്രകാശ് തമ്പിയുടെ മൊഴിയെടുത്തത്.






