
ജീവിതപങ്കാളിയുടെ നഷ്ടപ്പെടല്‍ ആരെയും തളര്‍ത്തുന്ന കാര്യമാണ്. പിന്നീടുള്ള ജീവിതം ഒറ്റപ്പെടലിന്റേതായിരിക്കും. പലരും വീടിനുള്ളില്‍ ഒതുങ്ങിക്കൂടും. ചിലര്‍ ജോലിയില്‍ അഭയം കണ്ടെത്തും. തന്റെ ജീവിതത്തിന്റെ ബാക്കി ഭാഗം ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി മനോഹരമായി മാറ്റിയിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ ജാനറ്റ് എന്ന സ്ത്രീ. മരിച്ചു പോയ ഭര്‍ത്താവ് ആര് എസ് യാഗനേശ്വരന്റെ ഓര്‍മയ്ക്കായി ജാനറ്റ് 73,000 മരങ്ങളാണ് ബെംഗളൂരുവില്‍ നട്ടുപിടിപ്പിച്ചത്.
വികസനത്തിന്റെ പേരിലാണ് ബെംഗളൂരില്‍ ധാരാളം മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. 2005ല്‍ ഇതേ സമയത്ത് തന്നെയാണ് ജാനറ്റിന്റെ ഭര്‍ത്താവ് മരിച്ചതും. ഇതോടെ മരങ്ങള്‍ നട്ട് പ്രതിരോധിക്കുക എന്ന തീരുമാനത്തിലേക്ക് ജാനറ്റ് എത്തി. ആദ്യമൊക്കെ വീടിന്റെ സമീപത്തായിരുന്നു ജാനറ്റ് മരങ്ങള്‍ നട്ടിരുന്നത്. പതിയെ പതിയെ ഇത് മറ്റുള്ളവര്‍ക്കൊരു ബോധവത്കരണം എന്ന നിലയിലേക്ക് മാറി. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും ജാനറ്റ് തന്റെ ഉദ്യമം വ്യാപിപ്പിച്ചു.
ആദ്യമൊക്കെ സ്വന്തം ചിലവിലാണ് ജാനറ്റ് ഇത് ചെയ്തിരുന്നത്, പിന്നീട് പലരും ജാനറ്റിന് മരം നല്‍കാനുള്ള സംഭാവന നല്കാന് തുടങ്ങി. പിറന്നാളിനും ഉത്ഘാടനത്തിനും പലരും ചെടി നടാറുണ്ടെങ്കിലും കര്‍ഷകര്‍ ചെടി നടുമ്പോഴാണ് താന്‍ കൂടുതല്‍ സന്തോഷിക്കുന്നതെന്ന് ജാനറ്റ് പറയുന്നു. ഗജ ചുഴലിക്കാറ്റ് മോശമായി ബാധിച്ച കര്‍ഷകര്‍ക്കായി തെങ്കജ എന്ന പദ്ധതിയിലൂടെ പതിനായിരം തെങ്ങില്‍ തൈകളാണ് ജാനറ്റ് നട്ടത്.






